താൾ:പ്രപഞ്ചവും മനുഷ്യനും.djvu/65

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിമിതികളൊന്നുമില്ലെന്ന മൂന്നാം തത്ത്വത്തിൽ സ്ഥലത്തിന്റെ അവിച്ഛിന്നതയും അനന്തതയും ഒരുമിച്ചു സൂചിതമാണ്. എല്ലാ സമകോണുകളുടെയും സമാനത സ്ഥാപിക്കുന്ന നാലാം തത്ത്വം രൂപങ്ങളുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു. അഞ്ചാമത്തെ സുപ്രസിദ്ധമായ സിദ്ധാന്തം ഏതു വലിപ്പത്തിലും സമാനരൂപങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വിളംബരം ചെയ്യുന്നു. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി സ്ഥലത്തിന്റെ ഏകാത്മകതയെ ഉറപ്പിക്കുന്നവയാണ്.

പഴയ സങ്കല്പത്തിലുള്ള സ്ഥലത്തിനു മറ്റൊരു സവിശേഷത കൂടിയുണ്ട്. അത് ഒന്നിനും കാരണമായി വർത്തിക്കുന്നില്ല. സ്ഥലത്തിലുണ്ടാകുന്ന മാറ്റം ഒരു സംഭവത്തിന്റെയും കാരണമായിത്തീരുന്നില്ല. വസ്തുക്കളിലുണ്ടാകുന്ന എല്ലാ ഭൗതികഫലങ്ങൾക്കും കാരണം വസ്തുവിൽ തന്നെയാണ് കുടികൊള്ളുന്നത്. ഫലം നിഷ്ക്രിയമാണ്. അതിൽ പദാർത്ഥം നിലനിൽക്കുന്നു എന്നല്ലാതെ പദാർത്ഥത്തിന്മേൽ അത് യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. അതുകൊണ്ടുതന്നെ സ്ഥലം അചഞ്ചലവും മാറ്റമില്ലാത്തതുമാണ്. ഈ നിഷ്ക്രിയതയും മാറ്റമില്ലായ്മയും സ്ഥലത്തിന്റെ പരസ്പരബദ്ധമായ സവിശേഷതകളാണ്.

കാലം

ചിരസമ്മതഭൗതികവിജ്ഞാനത്തിലെ അടിസ്ഥാനപരമായ മറ്റൊരാശയമാണ് കാലം. സംഭവങ്ങൾ നടക്കുന്നതിന്റെ ഫലമായിട്ടാണ് നാം കാലത്തെക്കുറിച്ചു ബോധവാന്മാരാകുന്നത്. ഏകകാലികമല്ലാത്ത രണ്ടു സംഭവങ്ങൾക്കിടയിൽ എല്ലായ്പോഴും ഒരു ഇടവേള അഥവാ, കാലം ഉണ്ട്. 'എപ്പോൾ' എന്നുള്ള ചോദ്യത്തിലും അതിനുള്ള ഉത്തരത്തിലും നാം കൈകാര്യം ചെയ്യുന്ന ആശയം കാലമാണ്. ദൈനംദിന ജീവിതത്തിൽ നമുക്കനുഭവപ്പെടുന്ന വിവിധ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപാധി എന്ന നിലയ്ക്കാണ് സാധാരണഗതിയിൽ കാലത്തെ അഥവാ സമയത്തെ നാം ഉപയോഗിക്കുന്നത്.

പഴയ ധാരണകൾ പ്രകാരം സ്ഥലം ത്രിമാനവും ഏകാത്മകവുമായിരുന്നെങ്കിൽ കാലം ഏകമാനവും അനുക്രമികവുമായിരുന്നു. സ്ഥലത്തിലുള്ള അടിസ്ഥാനപരമായ ബന്ധം ഒന്നിനരികിൽ മറ്റൊന്ന് എന്ന വിധത്തിലാണ്. കാലത്തിന്റെ നിമിഷങ്ങൾ ഒന്നിനുപുറകെ മറ്റൊന്ന് എന്ന ക്രമത്തിൽ തുടരുന്നു. അനുക്രമമാണ് കാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. സ്ഥലവും കാലവും തമ്മിൽ ഇത്രയും വ്യത്യാസമുണ്ടെങ്കിലും അവ തമ്മിൽ മറ്റു പലതിലും സമാനതയുണ്ട്. ഏകാത്മകത അവ രണ്ടിന്റേയും സ്വഭാവമാണ്. അതുപോലെ ഭൗതികമായ ഉള്ളടക്കത്തിൽനിന്നു സ്വതന്ത്രമായ നിലനിൽപ്പും അനന്തതയും അവിച്ഛിന്നതയും സ്ഥലത്തെപ്പോലെ കാലത്തിന്റെയും സവിശേഷ സ്വഭാവങ്ങളാണ്. സ്ഥലത്തിന്റെ അചഞ്ചലതയ്ക്കു പകരമാണ് കാലത്തിന്റെ ഏകരൂപകത്വം.