താൾ:പ്രപഞ്ചവും മനുഷ്യനും.djvu/69

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഐൻസ്റ്റീൻ ഈ പ്രശ്നത്തിനുത്തരം കണ്ടെത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അതു തുല്യമല്ല. ഒരേസമയത്തു നടന്നവയെന്ന് ഒരു നിരീക്ഷകൻ പ്രസ്താവിക്കുന്ന രണ്ടു സംഭവങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് നടന്നതെന്ന് മറ്റൊരു നിരീക്ഷകനു തോന്നും. ഒന്നാമനെ അപേക്ഷിച്ച് രണ്ടാമന് ചലനമുണ്ടെങ്കിൽ ഒരുവന് ശരിയെന്നു തോന്നുന്ന മാപനം ഇതരന് ശരിയായിക്കൊള്ളണമെന്നില്ല. രണ്ടുപേരുടെയും മാപനാധാരങ്ങൾ തമ്മിൽ സാപേക്ഷചലനമുണ്ടെങ്കിൽ അവ തമ്മിൽ ഒരിക്കലും യോജിക്കുകയില്ല. ചുരുക്കത്തിൽ ഐൻസ്റ്റീന്റെ സിദ്ധാന്തപ്രകാരം പ്രകാശവേഗമളക്കുന്നതിൽ കാലമാപനവും അനുപേക്ഷണീയമാകുന്നു. കാലമാപനത്തിനാകട്ടെ ഏകകാലബോധം കൂടിയേ കഴിയൂ. എന്നാൽ ഏകകാലബോധം നിരപേക്ഷസത്യമല്ല. ഓരോ നിരീക്ഷകനും തന്റെ ചലനമനുസരിച്ചാണ് കാലനിർണ്ണയം നടത്തുന്നത്.

അങ്ങനെ വരുമ്പോൾ, മുകളിൽ ഉദ്ധരിച്ച സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള ന്യൂട്ടന്റെ നിർവ്വചനങ്ങൾ തിരസ്കരിക്കേണ്ടിവരും. ഐൻസ്റ്റീൻ അതു ചെയ്യുകയും ചെയ്തു. നിരപേക്ഷമായ സ്ഥലവും നിരപേക്ഷമായ കാലവും മറ്റും മിഥ്യാസങ്കല്പങ്ങളാണ്. അവയെ പരസ്പരബദ്ധമായി കണക്കാക്കാത്തിടത്തോളം കാലം പ്രപഞ്ചത്തിലെ ഒരു സംഭവത്തെയും ശരിയായവിധം വിവരിക്കാൻ കഴിയുകയില്ല. അങ്ങനെ പഴയ ത്രിമാന പ്രപഞ്ചത്തിനു പകരം കാലംകൂടി ഉൾക്കൊള്ളുന്ന ഒരു സ്ഥലകാല ചതുർമാന പ്രാപഞ്ചികധാരണ ജന്മമെടുത്തു. പഴയ പ്രാപഞ്ചികചിത്രത്തിൽ, സ്ഥലത്തിൽ നിലകൊള്ളുന്ന പ്രാപഞ്ചികവസ്തുക്കളെ, സ്ഥലവുമായി അവയ്ക്കുള്ള ബന്ധത്തെ അടിസ്ഥാനമാക്കി, നീളം, വീതി, പൊക്കം എന്നീ ത്രിമാനങ്ങളെ ആസ്പദമാക്കിക്കൊണ്ടാണ് വ്യവഹരിച്ചിരുന്നത്. അങ്ങനെ പ്രപഞ്ചത്തെ ഒട്ടാകെ കണക്കിലെടുക്കുമ്പോഴും ഈ ത്രിമാനചിത്രമാണ് പൊന്തിവന്നിരുന്നത്. എന്നാൽ സ്ഥലകാലബന്ധം നിസ്സംശയം തെളിയിക്കപ്പെട്ടതോടെ, പ്രപഞ്ചചിത്രം പൂർണ്ണമാകുന്നതിന് ത്രിമാനചിത്രത്തോട് കാലത്തെക്കൂടി ചേർത്തതുവഴിയാണ് ചതുർമാന പ്രപഞ്ചചിത്രം ഉരുത്തിരിഞ്ഞുവന്നത്.

പ്രാപഞ്ചികവസ്തുക്കളെയും പ്രതിഭാസങ്ങളെയും നിരീക്ഷിക്കുമ്പോൾ നിരീക്ഷിതവസ്തുവും നിരീക്ഷിക്കുന്ന വ്യക്തിയും തമ്മിലുള്ള ആപേക്ഷിക അർത്ഥം കൂടി കണക്കിലെടുക്കേണ്ടത് അനിവാര്യമാണെന്ന് സാപേക്ഷതാസിദ്ധാന്തം തെളിയിച്ചു. അങ്ങനെ നിരീക്ഷകൻ, നിരീക്ഷിത പ്രതിഭാസത്തെക്കുറിച്ചു രൂപീകരിക്കപ്പെടുന്ന ചിത്രത്തിലെ ഒരു സജീവപ്രതിഭാസമായി മാറി. അതേസമയം പഴയ പ്രാപഞ്ചികചിത്രത്തിൽ നിരീക്ഷകന് സ്ഥാനമുണ്ടായിരുന്നില്ല. അവൻ നിരീക്ഷിത വസ്തുവിന് പുറത്ത് അതുമായി ബന്ധമില്ലാതെ നിഷ്ക്രിയനായി നോക്കിനിൽക്കുകമാത്രമേ ചെയ്തിരുന്നുള്ളു. ആ പ്രാപഞ്ചികചിത്രം, നിരീക്ഷകനിൽനിന്ന് സ്വതന്ത്ര