മായിരുന്നതുകൊണ്ട് നിരീക്ഷകനിൽ വരുന്ന മാറ്റം അതിനെ ബാധിക്കുമായിരുന്നില്ല. നിരീക്ഷകൻ എവിടെനിന്ന് എപ്പോൾ നോക്കിയാലും, ആ ചിത്രം ഒന്നുതന്നെയായിരിക്കും. എന്നാൽ ആധുനിക പ്രാപഞ്ചികവീക്ഷണത്തിൽ, നിരീക്ഷകൻ, പ്രാപഞ്ചികചിത്രത്തിലെ അവിഭാജ്യഘടകമായിത്തീർന്നതോടെ അത് ഒരു നിഷ്ക്രിയചിത്രത്തിൽനിന്ന് വ്യത്യസ്തമായി, സജീവമായ ഒരു പ്രാപഞ്ചികധാരണയായി മാറി. മനുഷ്യവംശത്തിൽപ്പെട്ട എല്ലാവരുടെയും ബോധേന്ദ്രിയപരവും മസ്തിഷ്കപരവുമായ പ്രവർത്തനങ്ങൾക്കെല്ലാം അടിസ്ഥാനപരമായ സമാനതയുള്ളതുകൊണ്ട്, എല്ലാ മനുഷ്യരും രൂപീകരിക്കുന്ന പ്രാപഞ്ചികധാരണയ്ക്ക് പൊതുവായ സാദൃശ്യമുണ്ടാക്കാൻ കഴിയും. എന്നാൽ ഇന്ന് നമ്മുടെ പരിമിതമായ ഇന്ദ്രിയബോധത്തിന് അഗോചരമായ പ്രതിഭാസങ്ങൾ ഗ്രഹിക്കുവാൻ കഴിവുള്ള ഒരു ജീവിയോ മറ്റോ പ്രപഞ്ചത്തിലെവിടെയെങ്കിലുമുണ്ടെങ്കിൽ, അതിനെ സംബന്ധിച്ചിടത്തോളം, ഈ പ്രപഞ്ചം നമ്മുടെ ധാരണയിലുള്ളതിൽനിന്ന് തുലോം വ്യത്യസ്തമായിരിക്കും.