താൾ:പ്രപഞ്ചവും മനുഷ്യനും.djvu/73

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതീവ വിശാലമായ ഈ മേഖലകളിൽ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും തമ്മിലുള്ള അകലവും വിസ്തൃതിയും മറ്റും അളക്കുന്നതിന് നമ്മുടെ ഭൂമിയിലെ മാനദണ്ഡങ്ങൾ തികച്ചും അപര്യാപ്തങ്ങളാണ്. ഇവിടെ, കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സ്ഥലകാലാനുസ്യുതി നമ്മുടെ സഹായത്തിനെത്തുന്നു. സ്ഥലവും കാലവും തികച്ചും അഭേദ്യങ്ങളായതിനാൽ സ്ഥലത്തെ കാലം കൊണ്ടും കാലത്തെ സ്ഥലം കൊണ്ടും അളക്കാൻ നമുക്കു കഴിയും. ജ്യോതിശാസ്ത്രപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്നത് ഈ തത്ത്വം തന്നെയാണ്. പ്രകാശത്തിന്റെ സഞ്ചാരസമയമാണ് ഇവിടെ ദൂരമളക്കാനുള്ള മാനദണ്ഡമായി ഉപയോഗിക്കുന്നത്. ഒരു വർഷത്തിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെ ഒരു പ്രകാശവർഷം എന്നു പറയുന്നു. പ്രകാശം സെക്കന്റിൽ 186300 നാഴിക സഞ്ചരിക്കുമെന്നതുകൊണ്ട് ഒരു വർഷത്തിൽ അത് 5,878,000,000,000 നാഴിക സഞ്ചരിക്കും. ഒരുപ്രകാശ വർഷമെന്നു പറയുന്നത് ഇതിനെയാണ്. ഇത്തരത്തിലുള്ള ആയിരക്കണക്കിനും ലക്ഷക്കണക്കിനും പ്രകാശവർഷങ്ങളാണ് നക്ഷത്രസമൂഹങ്ങൾ തമ്മിലും ഒറ്റയ്ക്കുള്ള നക്ഷത്രങ്ങൾ തമ്മിലുമുള്ള അകലം.

അനേകം പ്രകാശവർഷങ്ങൾ ദൂരത്തിലുള്ള നക്ഷത്രങ്ങളെയാണ് നാം ആകാശത്തിലേക്ക് നോക്കുമ്പോൾ കാണുന്നത്. നാം വീക്ഷിക്കുന്ന ഒരു നക്ഷത്രം ആയിരം പ്രകാശവർഷം അകലെയാണെങ്കിൽ ആയിരം വർഷം മുമ്പുള്ള ആ നക്ഷത്രത്തിന്റെ പ്രതിബിംബമാണ് നാം കാണുന്നതെന്നു വരുന്നു. കാരണം, ആയിരം വർഷം സഞ്ചരിച്ചതിനു ശേഷമാണല്ലോ ആ പ്രകാശരശ്മികൾ നമ്മുടെ കണ്ണിലെത്തിച്ചേരുന്നത്. ഇപ്പോൾ ആ നക്ഷത്രത്തിൽനിന്നു പുറപ്പെടുന്ന പ്രകാശരശ്മികൾ ഇനി ആയിരം വർഷങ്ങൾക്കുശേഷം അതിനെ വീക്ഷിക്കുന്ന ഒരാൾക്കേ കാണാൻ കഴിയൂ. അപ്പോൾ, ലക്ഷക്കണക്കിന് പ്രകാശവർഷം ദൂരെയുള്ള പല നക്ഷത്രങ്ങളും, നാം കാണുന്ന സമയത്ത്, വമ്പിച്ച രൂപഭേദങ്ങൾക്ക് വിഷയീഭവിച്ചിട്ടുണ്ടായിരിക്കാം. പത്തുലക്ഷം പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഒരു നക്ഷത്രത്തെ നാമിന്നു കാണുന്നുവെന്നിരിക്കട്ടെ. നാമതിന്റെ കണ്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ അത് അതേപോലെ അവിടെ നിലനിൽക്കണമെന്നില്ല. പത്തുലക്ഷം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ആ നക്ഷത്രത്തെയായിരിക്കും നാമിപ്പോൾ കാണുക. അത് ഈ കാലത്തിനിടക്ക് പല പരിവർത്തനങ്ങൾക്കും വിധേയമാവുകയോ ആ സ്ഥാനത്തുനിന്ന് അപ്രത്യക്ഷമാവുക പോലുമോ ചെയ്തിരിക്കാം. അതിവിദൂരമേഖലകളെക്കുറിച്ചുള്ള പഠനത്തിൽ നമുക്കനുഭവപ്പെടുന്ന പ്രധാനപ്പെട്ട ഒരു പരിമിതിയാണിത്.

ഗാലക്സികളുടെ ഘടന

നമുക്കു ദൃശ്യമായതും ഊഹിക്കാവുന്നതുമായ ഭൗതികപ്രപഞ്ചത്തിന്റെ പശ്ചാത്തലം മുഴുവനും നെബുലകളാൽ നിറയപ്പെട്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രപഞ്ചഘടനയിലെ ഇഷ്ടികകളാണ്