താൾ:പ്രപഞ്ചവും മനുഷ്യനും.djvu/84

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമൂഹം I-ൽ പെട്ട നക്ഷത്രങ്ങളുള്ള കേന്ദ്രഭാഗത്ത് വാതകങ്ങളില്ലാത്തത് അവയുടെ ഉത്ഭവകാലത്തെ സൂചിപ്പിക്കുന്നു. അതായത്, അവിടെയുണ്ടായിരുന്ന വാതകപടലങ്ങളെല്ലാം ആരംഭകാലത്തിൽതന്നെ നക്ഷത്രരൂപീകരണത്തിനായി വിനിയോഗിക്കപ്പെട്ടതിന്റെ ഫലമായി, വാതകം കുറഞ്ഞുവരികയും അവിടെ പുതുതായി നക്ഷത്രങ്ങളുണ്ടാവുകയും ചെയ്തു. അതേസമയം, സർപ്പിലഭുജങ്ങളിൽ വാതകപടലങ്ങൾ സമൃദ്ധമായി നിലനിൽക്കുന്നതുകൊണ്ട് അവിടെ ഇപ്പോഴും നക്ഷത്രങ്ങൾ ജന്മമെടുത്തുകൊണ്ടിരിക്കുന്നു. ക്ഷീരപഥത്തിലെപ്പോലെതന്നെ മറ്റു നെബുലകളിലും സ്ഥിതി ഇതാണ്. തന്മൂലം, സർപ്പിലഭുജങ്ങളിലും കേന്ദ്ര മേഖലയിലും നിലനിൽക്കുന്ന ഈ വ്യത്യസ്ത അവസ്ഥകൾ ഗാലക്സികളുടെ പരിണാമത്തിലെ രണ്ടു ഘട്ടങ്ങളായി കണക്കാക്കാവുന്നതാണ്.

അണ്ഡാകാരനെബുലകൾ പലതും, ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തോട് സദൃശമായ ഘടനയോടുകൂടിയവയാണ്. കാലക്രമത്തിൽ ഇത്തരം നെബുലകളിലുണ്ടാകുന്ന ചില സ്ഫോടനപ്രക്രിയകളുടെ ഫലമായി, അവയിൽനിന്ന് പുറപ്പെടുന്നവയായിരിക്കാം സർപ്പിലഭുജങ്ങൾ, അണ്ഡാകാരനെബുലകൾ കൂടുതൽ പരന്നുവരികയും ക്രമത്തിൽ ക്ഷീരപഥത്തെപ്പോലുള്ള സർപ്പിലഗാലക്സികളാവുകയും ചെയ്യുന്നു. അങ്ങനെ ഈ നിഗമനമനുസരിച്ച് അണ്ഡാകാരനെബുലകളും സർപ്പിലനെബുലകളും ഗാലക്സികളുടെ പരിണാമത്തിലെ രണ്ടു ഘട്ടങ്ങളാണ്.