താൾ:പ്രപഞ്ചവും മനുഷ്യനും.djvu/93

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാരണം ഈ കഴിഞ്ഞ 800 കോടി വർഷങ്ങൾകൊണ്ട് അവ പിന്നിട്ട ദൂരവും അതിനനുസരിച്ച് അവയിലുണ്ടായ വേഗവർദ്ധനവും ഊഹാതീതമാംവണ്ണം വലുതായിരിക്കും. അവയിൽ പലതും പ്രകാശവേഗത്തെ അതിജീവിച്ചുകൊണ്ട് പ്രകാശവേഗത്തിൽ അധിഷ്ഠിതമായ നമ്മുടെ നിരീക്ഷണമേഖലകളിൽ നിന്നു മുക്തമായിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. ആ നിലയ്ക്ക് അവയെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കാൻ നാം ഒരു കാലത്തും ശക്തരാവുകയില്ല.

ഇവിടെ നാം കണക്കിലെടുക്കേണ്ടതായ മറ്റൊരു സാധ്യതകൂടിയുണ്ട്. പ്രാപഞ്ചികപദാർത്ഥത്തിന്റെ ചലനവേഗതയുടെ പരമാവധിപരിധി പ്രകാശവേഗമാണെന്നുള്ള ഐൻസ്റ്റീൻ സിദ്ധാന്തം അപ്പടി അംഗീകരിക്കാവുന്നതല്ലെന്നു പുതിയ ചില സിദ്ധാന്തങ്ങൾ സ്ഥാപിക്കാൻ മുതിർന്നിട്ടുണ്ട്. ഡോ.സുദർശനന്റെയും മറ്റും പ്രസ്തുത സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിൽ പ്രകാശവേഗത്തിനപ്പുറത്തുള്ള, പ്രകാശത്തെക്കാൾ വളരെയേറെ വേഗതയുള്ള പദാർത്ഥകണികകൾ നിലനിൽക്കുന്നുണ്ട്. ഇവ, ആദ്യം പ്രകാശത്തേക്കാൾ കുറഞ്ഞ വേഗത്തിൽ സൃഷ്ടിക്കപ്പെട്ടിട്ട് പിന്നീട് പ്രകാശവേഗത്തെ അതിക്രമിച്ചു കടക്കുകയല്ല ചെയ്യുന്നത്; മറിച്ച് അവ സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ പ്രകാശത്തെക്കാൾ കൂടുതൽ വേഗതയുള്ളവയാണ്. 'ടാക്കിയോൺ' എന്ന പേര് നൽകപ്പെട്ടിട്ടുള്ള ഈ വസ്തുക്കളുടെ യഥാർത്ഥ അസ്തിത്വത്തെക്കുറിച്ച് വസ്തുനിഷ്ഠമായ തെളിവുകൾ ലഭിച്ചിട്ടില്ല. അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. എങ്കിലും താത്ത്വികമായി അവയുടെ നിലനില്പ് സാധ്യമാണെന്നു വ്യക്തമായ സ്ഥിതിക്ക് അവയുടെ അസ്തിത്വവും ഒരു യാഥാർത്ഥ്യമായി ഭവിച്ചേക്കാം. അങ്ങനെയാണെങ്കിൽ പ്രകാശവേഗത്തെ അതിക്രമിച്ചു കടക്കുന്നതെന്നു നാം കരുതുന്ന അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഗാലക്സികളും ക്വാസറുകളും മറ്റും ഈ 'പുതിയ' വസ്തുക്കളുടെ സഹായത്തോടെ നമ്മുടെ പര്യവേക്ഷണമേഖലയിൽ തന്നെ വന്നുപെടും. അപ്പോൾ ഐൻസ്റ്റീന്റെ വർത്തുളപ്രപഞ്ചത്തിനു പുറത്തുള്ള പ്രപഞ്ചങ്ങളും എന്നെന്നും നമുക്കജ്ഞാതമായിരിക്കുകയില്ല. വാസ്തവത്തിൽ പ്രാപഞ്ചിക പ്രശ്നങ്ങളെക്കുറിച്ച്, ഉത്തരം കണ്ടെത്താൻ കഴിയാത്തതെന്നു നമുക്കു തോന്നുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉടലെടുക്കുംതോറും, നമുക്കപ്രാപ്യമെന്നു തോന്നിയിരുന്ന പല മേഖലകളിലേയ്ക്കും നമ്മുടെ കഴിവുകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രകാശവേഗത്തിൽ കവിഞ്ഞ വേഗതയുള്ള ഒന്നും നമ്മുടെ അറിവിൽ പെടുകയില്ലെന്ന ധാരണയെ തകർത്തുകൊണ്ട് അനന്തതയുടെ അപാരമേഖലകളിലേയ്ക്കു മുന്നേറാൻ ശാസ്ത്രം തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ പ്രപഞ്ചത്തിന്റെ ഏതെങ്കിലും മേഖലകൾ എന്നും നമുക്കജ്ഞാതമായിരിക്കുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല.

പ്രാദേശിക പ്രപഞ്ചം

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശാസ്ത്രരംഗത്തു സമാഹരിക്കപ്പെട്ട ഇത്തരം പരസ്പരവിരുദ്ധങ്ങളായ ഒട്ടേറെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പഴയ സ്ഥിരസ്ഥിതിസിദ്ധാന്തത്തെ ചില രൂപാന്തരങ്ങൾക്കു വിധേയമാക്കിക്കൊണ്ട് 1966-ൽ ഫ്രെഡ് ഹോയലും ജയന്തവിഷ്ണു നാർലിക്കറും