പിമ്പോട്ടു ഗമിക്കുന്നു! ആ നിലയ്ക്കു കാലം മുമ്പോട്ടു മാത്രമല്ല; പിമ്പോട്ടും ഗമിക്കുന്നുണ്ടായിരിക്കുമെന്നു കരുതുന്നതിൽ തെറ്റില്ല!
സൃഷ്ടി ഗാലക്സികേന്ദ്രങ്ങളിൽ
സ്ഥിരസ്ഥിതിസിദ്ധാന്തവുമായി സാമ്യമുള്ളതും എന്നാൽ അടിസ്ഥാനപരമായ വ്യത്യാസമുള്ളതുമായ ഒരു പുതിയ സിദ്ധാന്തം 1970 ജനുവരിയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. അമേരിക്കയിലെ അരിസോണാ സർവകലാശാലയിലെ 36-കാരനായ ഡോ. ഫ്രാങ്ക് ജെ. ലൊ ആണ് ഇതിന്റെ പ്രണേതാവ്. സ്ഥിരസ്ഥിതിസിദ്ധാന്തത്തിൽ പറയുന്നതുപോലുള്ള പദാർത്ഥത്തിന്റെ നിരന്തര സൃഷ്ടി ഓരോ ഗാലക്സികളിലുമുള്ള പ്രത്യേക കേന്ദ്രങ്ങളിലാണു നടക്കുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. ഇതു വെറും താത്ത്വിക പരികല്പന മാത്രമല്ല; നമ്മുടെ ഗാലക്സിയായ ക്ഷീരപഥം ഉൾപ്പെടെ 12 ഗാലക്സികളിൽ ഇത്തരം കേന്ദ്രം അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള പേര് 'ഇർട്രോണുകൾ' എന്നാണ്. ഈ കേന്ദ്രങ്ങൾ പ്രധാനമായും വമിച്ചുകൊണ്ടിരിക്കുന്നത് ഇൻഫ്രാറെഡ് റേഡിയോപ്രസരങ്ങളായതു കൊണ്ടാണ് ഈ പേരു നൽകപ്പെട്ടത്.
ഈ സിദ്ധാന്തം പുതിയതല്ലെന്നു ലൊ പറയുന്നു. കാരണം സർ ജെയിംസ് ജീൻസ് വർഷങ്ങൾക്കുമുമ്പ് ഇത്തരമൊരു സിദ്ധാന്തമാവിഷ്കരിച്ചിരുന്നു. അന്ന് ആരും അതിനെ കാര്യമായെടുക്കുകയുണ്ടായില്ല. പക്ഷേ, ഇന്ന് വസ്തുനിഷ്ഠമായ തെളിവുകൾ ലഭിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ആ നിഗമനങ്ങൾക്കു സാധുത ലഭിച്ചിട്ടുള്ളതായി ലൊ പറയുന്നു. സ്ഥിരസ്ഥിതിസിദ്ധാന്തവുമായി ഇതിനൊരു വ്യത്യാസമുണ്ട്. സ്ഥിരസ്ഥിതിസിദ്ധാന്തത്തിൽ പദാർത്ഥസൃഷ്ടി നടന്നുകൊണ്ടിരിക്കുന്നത് പ്രപഞ്ചത്തിന്റെ എല്ലാ മേഖലകളിലും ഒരുപോലെയാണ്. പ്രത്യേക സൃഷ്ടികേന്ദ്രങ്ങൾ ആ സിദ്ധാന്തത്തിൽ വിഭാവന ചെയ്യപ്പെടുന്നില്ല. എന്നാൽ പുതിയ സിദ്ധാന്തപ്രകാരം ഓരോ ഗാലക്സിയുടെയും കേന്ദ്രത്തിലുള്ള ഇർട്രോണുകളിൽ വെച്ചു മാത്രമാണു സൃഷ്ടിപ്രക്രിയ നടക്കുന്നത്.
ഈ സിദ്ധാന്തം ശരിയാണെന്നു പൂർണ്ണമായി തെളിയുകയാണെങ്കിൽ അടിസ്ഥാനപരമായ പല ഭൗതികനിയമങ്ങളും പൊളിച്ചെഴുതേണ്ടി വരും. പ്രത്യേകിച്ചും പദാർത്ഥതിന്റെ സംരക്ഷണനിയമം. ഈ പുതിയ പ്രതിഭാസത്തെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ നിയമങ്ങൾ ആവിഷ്കരിക്കപ്പെടേണ്ടതായും വരും.
ഏതായാലും ഒരു കാര്യം വ്യക്തമാണ്. സങ്കീർണ്ണങ്ങളായ എത്രയോ പ്രാപഞ്ചികപ്രശ്നങ്ങളുടെ നൂലാമാലകൾ ഇനിയും കെട്ടഴിഞ്ഞുരുത്തിരിയാനിരിക്കുന്നു!