താൾ:പ്രപഞ്ചവും മനുഷ്യനും.djvu/98

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ തോതിൽ, സൂര്യനിലുള്ള ഹൈഡ്രജൻ ജ്വലിച്ചുതീരാൻ 6000 കോടി വർഷത്തോളം ഇനിയും വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സൂര്യന്റെ ആന്തരികതലങ്ങളിലാണ് ഈ ഊർജോല്പാദന പ്രക്രിയ ഏറ്റവും ശക്തമായ തോതിൽ നടക്കുന്നത്. അവിടത്തെ താപനില ഏതാണ്ട് 12,000,000o C ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം സൂര്യന്റെ ഉപരിതലത്തിൽ ഏതാണ്ട് 6000o C ആണു താപനില. ഏതായാലും ഈ നിലയിൽ സൂര്യൻ ജ്വലിച്ചുകൊണ്ടിരുന്നാൽ സൂര്യനും അന്തിമമായ നാശത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നു തീർച്ചയാണ്. മുമ്പൊരദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, മറ്റു നക്ഷത്രങ്ങളുടെ ഗതി പിന്തുടരാൻ സൂര്യനും നിർബദ്ധമാണ്.

ഗ്രഹങ്ങൾ

സൗരയൂഥത്തിന്റെ ഒട്ടാകെയുള്ള വ്യാസം തൊള്ളായിരം കോടി നാഴികയോളം വരും. കേന്ദ്രബിന്ദുവായ സൂര്യനാണ് ഈ മേഖലയിൽ നിലനിൽക്കുന്ന എല്ലാ ഗ്രഹങ്ങളെയും അതാതിടങ്ങളിൽ നിലനിർത്തുന്നത്. സൂര്യന്റെ ഗുരുത്വാകർഷണശക്തിയാണ് ഇതിനുത്തരവാദി. ഭൂമിയുടെ ഗുരുത്വാകർഷണശക്തിയുടെ ഏതാണ്ട് 28 മടങ്ങുവരും സൂര്യന്റെ ഉപരിപ്ലവ ഗുരുത്വാകർഷണശക്തി.

സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം. ബുധൻ, വെള്ളി, ഭൂമി, ചൊവ്വ എന്നീ നാല് ചെറുഗ്രഹങ്ങളടങ്ങിയ ആന്തരസംഘമാണ് ഒന്ന്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ വർഗങ്ങളും ഏറ്റവും പുറത്തുള്ള ചെറിയ ഗ്രഹമായ പ്ലൂട്ടോയും ചേർന്ന ബാഹ്യസംഘമാണ് മറ്റേത്.

സൂര്യനിൽ നിന്ന് 3.6 കോടി നാഴിക അകലെയാണ് ബുധൻ സ്ഥിതിചെയ്യുന്നത്. സൂര്യനെ ചുറ്റി സഞ്ചരിക്കാൻ അതിനു മൂന്നുമാസക്കാലത്തോളമേ ആവശ്യമുള്ളു. താരതമ്യേന വേഗത കൂടിയ ഗ്രഹമാണത്. എന്നാൽ അത് സ്വയം ചുറ്റുന്നത് വളരെ പതുക്കെയായതിനാൽ എല്ലാ സമയവും ബുധന്റെ ഒരു വശം തന്നെയാണ് സൂര്യനഭിമുഖമായി നിൽക്കുന്നത്. അങ്ങനെ ഒരു വശത്ത് എന്നും പകലും മറുവശത്ത് എന്നും രാത്രിയുമായിരിക്കും. ഇതുമൂലം സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ചൂടും ഏറ്റവുമധികം തണുപ്പും ഒരേസമയത്തു നിലനിർത്തുന്ന ഒരു ഗ്രഹമാണത്. സൂര്യനഭിമുഖമായ ഭാഗത്ത് 700o F താപനിലയായിരിക്കുമ്പോൾ മറുവശത്ത് അത് -459o F അഥവാ കേവല പൂജ്യമായിരിക്കും. ഭൂമിയിൽ സംഭവിക്കുന്നതുപോലുള്ള താപക്രമീകരണം ബുധനിൽ സാധ്യമല്ലാതെ വന്നത് ആ ഗ്രഹത്തിൽ വായുമണ്ഡലമില്ലെന്നതുകൊണ്ടാണ്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ വ്യാസം 3000 നാഴിക മാത്രമാണ്. ഭൂമിയുടെ നാലിലൊന്നു ആകർഷണശക്തി മാത്രമേ അതിനുള്ളുതാനും. അന്തരീക്ഷമില്ലാത്തതിനാൽ അവിടെ കാറ്റില്ല. മഴയില്ല.