ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"നിന്ദിരാനാഥൻ ജഗന്നാഥനാശ്രയം
അറികമല! ജനക! പുരനഖിലഭുവനങ്ങൾക്കു-
മങ്ങിന്നമുക്കുമസ്വാമിതാനാശ്രയം."
"പറക തവ മുരമഥനനെവിടെയുളവോ,"ന്നെന്നു
പൃച്‌ഛിക്കുമച്‌ഛനോടാത്മജൻ ചൊല്ലിനാൻ
"മമ വപുഷി തവ വപുഷി സുരവരവപുസ്സിലും
മറ്റും പദാൎത്ഥത്തിലൊക്കെയുണ്ടീശ്വരൻ"
"സ്തുതിവചനമിദ,മഖിലഭജിതനവനെങ്കിലി-
ത്തൂണിന്മെലുണ്ടോ പറ"കെന്നു താതനും.
"തുഹിനകരതുലിതമുഖനഖിലഭുവനങ്ങൾക്കു
തൂണായതും സ്വാമിതാ"നെന്നു പുത്രനും
"തവ ഭജനപതിയുടയ ശിരസി വിരവോടു ഞാൻ
താഡനം ചെയ്യുന്നു; കണ്ടാലുമാശു നീ."
സപദി ദിതിതനയകുലവരനിതി പറഞ്ഞുടൻ
സത്വരം തൂണിന്മെലൊന്നു വെട്ടീടിനാൻ.
 തദനു ഘനനിനദമൊടു സദൃശമൊരു ശബ്ദമാ-
സ്തംഭത്തിനുള്ളിൽ നിന്നുണ്ടായി തൽക്ഷണം.
അസുരവരപടകളതി കിടുകിടെ വിറച്ചുപോ;-
യാകാശരന്ധ്രം നിറഞ്ഞു കവിഞ്ഞിതു;
കുലഗിരികളുടെ ശിഖരമിടിപൊടി തകൎന്നുപോയ്;
കുംഭീശ്വരന്മാർ ഭയപ്പെട്ടു മണ്ടിനാർ;
മുനികളുടെ നടുവിലഥ മരുവിന വിരിഞ്ചനും
മോഹിച്ചു താഴത്തു വീണുപോയഞ്ജസാ;
നിരതിശയപരുഷമതി ദിതിജകുലപുംഗവൻ
നീളവേനോക്കി ത്രസിച്ചു നില്ക്കുംവിധൌ
തരുണതരതുഹിനഗിരിവിപുലമൊരു വിഗ്രഹം
സ്തംഭം പിളൎന്നു കിളൎന്നു കാണായ്‌വന്നു
വലിയ ഗിരിശിഖരസമമതിവികടവക്ത്രവും
വട്ടം തുറിച്ചു മിഴിച്ച നേത്രങ്ങളും
വികടതരസടകളുടെ പടലമൊടു താടിയും
വിസ്തീൎണ്ണമാകുന്ന വക്ഷഃപ്രദേശവും
വലകളിടകലരുമതിപൃഥുലതരകണ്ഠവും
വജ്രഘോരങ്ങളാം ദംഷ്‌ട്രാങ്കുരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/14&oldid=173821" എന്ന താളിൽനിന്ന് ശേഖരിച്ചത്