പിന്നെയും ചാടിപ്പിച്ചമൎത്തീടിനാൻ.
ഉടമയൊടു ഝടിതി നിജമടിയിലിടചേൎത്തുകൊ-
ണ്ടുമ്മരദ്വാരത്തിലിരുന്നുകൊണ്ടഞ്ജസാ
തടിയനുടെ തടിയിലുടനതിപൃഥുകരങ്ങളാൽ
താഡനംചെയ്തു തകൎത്തു നൃകേസരി.
മലയുടയ വടിവുതകുമതിവികടമായുള്ള
മാറിടംതന്നിൽ നഖങ്ങൾ വച്ചീടിനാൻ.
കരനഖരമുരസി വിരവിൽത്തറച്ചമ്പോടു
മാറിടം കീറിപ്പിളൎന്നാശു കേസരി
കഠിനതരചടചടിതരടികടുഭൈരവം
കങ്കാളകൂടം പിടിച്ചറുക്കുംവിധൌ
അധികതരപരിഗളിതരുധിരഭരമാകവേ-
യഞ്ജലികൊണ്ടു കുടിച്ചു തുടങ്ങിനാൻ.
അടിമുടിയിലഖിലമപി തുടുതുടെ വിളങ്ങീടു-
മന്ത്രമാലാശതം കൊണ്ടു ബന്ധിക്കയും;
അരിശമൊടു ഝടിതി പുനരടിയുമിടിയും മുതി-
ൎത്തസ്ഥികൂടങ്ങളെ ക്ഖണ്ഡനം ചെയ്കയും;
സിരകളഥ വിരവിനൊടു നിരവധി വലിക്കയും;
സിംഹനാദംചെയ്തു പൊട്ടിച്ചിരിക്കയും;
ദനുജനുടെ തനുശകലമവനിയിലിഴുക്കയും;
ദംഷ്ട്രങ്ങൾകൊണ്ടു കടിച്ചുവലിക്കയും;
മനുജഹരിചരിതമതു ശിവ! ശിവ! ഭയംകരം;
മന്ദനാം ഞാനെന്തു ഹന്ത! വൎണ്ണിപ്പതും?
അചലകുലമഖിലമപി കിടുകിടെ വിറയ്ക്കയു-
മാഴികളേയും കലങ്ങിയലയ്ക്കയും;
വനമഹിഷഹരികരികളനവധി ഭയംപൂണ്ടു
വട്ടത്തിലോടിത്തകൎത്തു നടക്കയും;
അധികതരഭയമിയലുമമരമുനിവൃന്ദങ്ങ-
ളാകവേ ദൂരത്തുവാങ്ങി സ്തുതിക്കയും.
കുപിതമതി മനുജഹരി കിരവൊടു ഹിരണ, നെ-
ക്കൊന്നു കളേബരം ദൂരത്തെറിഞ്ഞുടൻ
ചടുലതരദിതിജഭടപടലികളശേഷമേ
ചാടിപ്പിടിച്ചു കടിച്ചു ഭക്ഷിച്ചിതു.
താൾ:പ്രഹ്ലാദചരിതം.djvu/16
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു