നോക്കിനാൻ വനേചരൻ ദൂരെനിന്നമ്മട്ടിൽത്തൻ
മാർഗ്ഗത്തിൽത്തപംചെയ്യും വിപ്രനെസ്സകൗതുകം
വിസ്മയാകാരം നേടീ കൗതുകം ക്രമത്തിങ്കൽ;
വിസ്മയം വിശ്വാസമായ്, വിശ്വാസം സമ്പ്രീതിയായ്;
സമ്പ്രീതി ഭക്ത്യാദരസ്നേഹരൂപമായ് മാറീ;
മുമ്പിൽച്ചെന്നവൻകൂടീ മുന്യംഘ്രിപത്മംകൂപ്പാൻ
കാകനിക്കിഴങ്ങിനം കാഴ്ചവച്ചല്പം നീങ്ങി
മൂകനായ്ക്കൈകെട്ടിനിന്നാജ്ഞയെക്കാക്കും നിത്യം;
ഓതുകില്ലൊരക്ഷരം താപസൻ; കടാക്ഷമാം
വേതനംപോലും വേണ്ട വേലയ്ക്കന്നിഷാദനും
"നീയാ"രെന്നൊരിക്കലേ ചോദിച്ചുകേട്ടിട്ടുള്ളൂ;
"നായാടിച്ചെക്കൻ ചാത്തൻ" അത്രയേ മൂളീട്ടുള്ളൂ;
ഓതിനാൻ തപസ്വിയെത്തേടിച്ചെന്നൊരിക്കലാ
വ്യാധൻ തത്സമാധിതന്നന്തത്തിൽ ദയാർദ്രനായ്
"തമ്പുരാനൊട്ടേറെനാളായല്ലോ മലഞ്ചുള്ളി-
ക്കമ്പുപോലുണക്കുന്നു പൂമെയ്യിക്കൊടും കാട്ടിൽ.
വീർപ്പടക്കിയും കണ്ണുചിമ്മിയും മനം ചുട്ടു-
മോർപ്പതെന്തങ്ങിമ്മട്ടിലൂണുറക്കൊഴിഞ്ഞെന്നും?
ഇക്കാട്ടിൽത്തങ്ങും വിലങ്ങേതിനെക്കൊതിച്ചങ്ങു
മുക്കാലും പിറപ്പറപ്പിത്തരം പുലർത്തുന്നു?
ഉള്ളമട്ടോതാമല്ലോ വേണ്ടതിക്കാനം മുറ്റു-
മുള്ളങ്കൈനെല്ലിക്കയായ്ക്കാണ്മോനീ വേടച്ചെക്കൻ
ആവനാഴിയും വില്ലുമമ്പുമായ് നായാട്ടിൽ വെ-
ന്നാവിലങ്ങിനെപ്പിടിച്ചേല്പിക്കാമങ്ങേക്കൈയിൽ."
കേവലം തിര്യഗ്രുതം-ഭ്രാന്തൻതൻ പ്രലാപമാ-
യാവചസ്സവൻ കേട്ടാനല്പവും രസിക്കാതെ,
ഉത്തരം കാത്തുംകൊണ്ടുനിൽക്കയാണോച്ഛാനിച്ചു
ലുബ്ധകൻ സമീപത്തിൽ - "മാരണം! മാറാശ്ശല്യം!!
എന്തിവൻ കണ്ടൂ പാവ,മെൻതത്വം? കൊള്ളാം വന്ന
ബന്ധു! ഞാൻ തീർണ്ണാർണ്ണവൻ നൂനമിപ്പോതത്തിനാൽ!!
എന്നെക്കൊണ്ടാവാത്തതാണിക്കിടാത്തനാലാവ-
തിന്നു ഞാനിരപ്പാളി! യിച്ചെക്കൻ വിണ്ണോർമരം!;