ധർമ്മമേപുണ്യോപായമാകയാൽസേവ്യം; വേണം
ധർമ്മത്തിൽച്ചരിക്കുവാൻ പ്രേമത്തിൻ പ്രചോദനം.
ഈ മന്നിൽപ്പുമർത്ഥദ്രു, ധർമ്മമൂലാർത്ഥസ്കന്ധ-
കാമശാഖയായ്, മോക്ഷസസ്യമായ്, വിളങ്ങുന്നു.
മുൻപിൽ,ത്താൻ ചുവട്ടിങ്കൽ വീഴ്ത്തിടും ജലംവേണം
പിൻപാർക്കും ഫലോൽക്കരം കൊമ്പത്തു കെട്ടിത്തൂക്കാൻ.
സ്വാർത്ഥത്തീവെച്ചാൽ വെന്തുവെണ്ണീറാം; പ്രേമോദകം
വീഴ്ത്തുകിൽത്തളിർത്തുവാച്ചമ്മരം പൂക്കും കായ്ക്കും.
ഞാനധഃസ്ഥിതപ്രേഷ്ഠനെൻഗേഹമേറ്റം നിമ്നം;
നൂനമെൻ ഭക്താഗ്ര്യനാം പ്രഹ്ലാദൻ പാതാളസ്ഥൻ;
മീനകച്ഛപസ്തബ്ധരോമാക്കളായിപ്പണ്ടേ
ഞാനെന്റെ തിര്യക്പ്രേമം വ്യക്തമായ്ക്കാട്ടീടിനേൻ;
എന്റെയിന്നൃപഞ്ചാസ്യരൂപത്തിന്നുദ്ദേശവും
തൻതാഴെത്തിര്യക്കെന്നു മാനുഷൻ ധരിക്കായ്‌വാൻ.
എൻവർണ്ണം സാധുക്കൾതൻ കാർവർണ്ണം എന്നെപ്പേർത്തു
മന്വഹം തലോടുന്നു ശുഭ്രനാം ദുഗ്ദ്ധോദധി:
ആനന്ദിച്ചെന്നെത്തന്റെ മാർത്തട്ടിൽ കിടത്തുന്നു
ചേണെഴും ധാവള്യത്തിൻ കേന്ദ്രമാം ഭോഗീശ്വരൻ.
എൻ കാലിൻ രജസ്സിൽനിന്നുത്ഭവം നേടീടുന്നു
ഗംഗാഖ്യകൈക്കൊണ്ടിടും പുണ്യയാം സ്രോതസ്സിനി
അൻപോടുമെന്നിങ്‌ഗിതം വ്യക്തമായ് ഞാൻകാട്ടിനേ -
നെൻപൂർണ്ണാവതാരമാം ശ്രീകൃഷ്ണജന്മത്തിങ്കൽ
ജാതനായ്ത്തുറുങ്കൊന്നിൽച്ചങ്ങലക്കിലുക്കത്തെ-
ക്ഷീതമായ്ക്കേ,ട്ടങ്ങുനിന്നമ്പാടിക്കകം പൂകി,
കേവലം ഗോപാലനായെൻ ബാല്യം കഴിച്ചേൻ ഞാ-
നാവതും വിപത്തുക്കൾക്കാദ്യന്തം ലക്ഷീഭൂതൻ.