ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
99


ഈ ഒരു നിൽപു ഒരു വിധത്തിലും സമാധാനകരമല്ലെന്നുകണ്ടു കുമാരൻനായർ മനസ്സിനെ ആയാസപ്പെട്ടു പിടിച്ചടക്കി.

'ഇതുവരെ ദേവി ഉണ്ടില്ലല്ലൊ. ഇതാ ഈ ചോറുവാങ്ങി ഊണുകഴിക്കു' എന്നു പറഞ്ഞു ഇലപ്പൊതി അഴികളുടെ ഇടയിൽ കൂടി അകത്തേക്കു നീട്ടിക്കൊടുത്തു. ദേവകിക്കുട്ടി—

'എന്റെ കൈ എച്ചിലാണു്—കാലത്തു കഞ്ഞി കഴിഞ്ഞിട്ടു കഴുകീട്ടില്ല' എന്നുപറഞ്ഞു വെള്ളം വാങ്ങി കൈ കഴുകി ഇലവാങ്ങി താഴത്തുവച്ചു. എന്നിട്ടു്—

'എനിക്കു ദാഹമാണു സഹിക്കാൻ വയ്യാത്തതു്' എന്നു പറഞ്ഞു രണ്ടു കൈയും കൂടി അഴിയുടെ അടുക്കൽ കാണിച്ചു. കുമാരൻനായർ മൂന്നു നാലുതവണ വെള്ളം കയ്യിലൊഴിച്ചുകൊടുത്തിട്ടു്—

'ഇനി കുറച്ചു ഊണുകഴിഞ്ഞിട്ടാവാം, വെറും വയറ്റിൽ വെള്ളം അധികം കുടിക്കേണ്ട' എന്നു പറഞ്ഞിട്ടും ദേവകിക്കുട്ടി കൈ എടുക്കുവാൻ മടിച്ചു കുമാരൻനായരുടെ മുഖത്തേക്കു നോക്കിയപ്പോൾ ഒരു കൈ വെള്ളവുംകൂടി പകൎന്നിട്ടു കിണ്ടി താഴെവച്ചു. ദേവകിക്കുട്ടി ഇരുട്ടത്തുതന്നെ ഇലപ്പൊതി അഴിച്ചുവെച്ചു ഉണ്ണുനാനിരുന്നു. ഊണു കഷ്ടിച്ചു പകുതിയായപ്പോൾ മുറിയുടെ സാക്ഷാൽ വാതൽ പെട്ടെന്നു തുറന്ന കുണ്ടുണ്ണിനായർ ഇൻസ്പെക്ടരും ബാലകൃഷ്ണമേനവനും അകത്തേക്കു കടന്നു. ബാലകൃഷ്ണമേനവൻ കൈയിലെടുത്തിരുന്ന കല്ലുറാന്തലിന്റെ അടഞ്ഞ പുറത്തിന്റെ നിഴലുകൊണ്ടു മകളുടെ അപ്പോഴത്തെ പ്രകൃതമൊന്നു ഇൻസ്പെക്ടൎക്കു ആദ്യം മനസ്സിലായില്ല.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/105&oldid=173879" എന്ന താളിൽനിന്ന് ശേഖരിച്ചത്