'ബാലകൃഷ്ണാ! വെളക്കിങ്ങോട്ടു തിരിച്ചുപിടിക്കു' എന്നു കല്പിച്ചതു മുഴുവൻ കേൾക്കുന്നതിനുമുമ്പു ബാലകൃഷ്ണമേനവൻ തുറന്നുകിടക്കുന്ന ജനാലയുടെ അടുക്കൽചെന്നു അച്ഛനു അഭിമുഖമായി നിന്നിട്ടു റാന്തൽ തിരിച്ചുകാണിച്ചു കഴിഞ്ഞു. ഊണിന്റെ വട്ടവും ദേവകിക്കുട്ടിയുടെ പകച്ചനോട്ടവും ഇൻസ്പെക്ടരുടെ ദൃഷ്ടിയിൽപ്പെട്ട നിമിഷത്തിൽ ഉണ്ടിരുന്ന ഇല കാലുകൊണ്ടു ഒരു തട്ടുതട്ടി, എണീക്കു് എന്നു പറഞ്ഞു ദേവകിക്കുട്ടിയുടെ രണ്ടു കൈയും പിടിച്ചെഴുന്നേല്പിച്ചു—
'ആരാടീ? നിനക്കീ അർദ്ധരാത്രിക്കു ചോറുകൊണ്ടുവന്നു തരാനുണ്ടായതു്' എന്നു് ഉച്ചത്തിൽ കണ്ണുരുട്ടിക്കൊണ്ടു ചോദിച്ചു. കുറച്ചുനേരത്തേക്കു ദേവകിക്കുട്ടി ഒന്നും മിണ്ടിയില്ല. പിന്നെയും ഇൻസ്പെക്ടർ ദേഷ്യം ഒതുക്കുവാൻ വയ്യാതെ ദേവകിക്കുട്ടിയെപ്പിടിച്ചു കുലുക്കിക്കൊണ്ടു 'ആരാണെന്നു പറയാനല്ലേ പറഞ്ഞതു്?' എന്നു വീണ്ടും ചേദിച്ചു. അപ്പോൾ ദേവകിക്കുട്ടി—
'എന്റെ അച്ഛനും ജ്യേഷ്ഠനും എന്റെനേരെ സ്നേഹമില്ലെങ്കിലും എന്നെ ഇഷ്ടമുള്ള ആളുകൾ ഇല്ലെന്നില്ല. പരി—വട്ടത്തു കു—മാ—രൻനായരാണു ചോറുകൊണ്ടുവന്നു തന്നതു്. ജ്യേഷ്ഠൻ എത്രതന്നെ ഉത്സാഹിച്ചാലും, അച്ഛൻ എന്തുതന്നെ പറഞ്ഞാലും, എന്തുതന്നെ ചെയ്താലും, എന്നെ കൊന്നാലും വേണ്ടില്ല. ഈ ജന്മം ഞാൻ അദ്ദേഹത്തിനെയല്ലാതെ വേറെ ഒരാളെ സ്വീകരിക്കില്ല. എന്നു പറഞ്ഞു മുഖമൊക്കെത്തുടുത്തു തേങ്ങിതേങ്ങിക്കരയുവാൻ തുടങ്ങി. ബാലകൃഷ്ണമേനോൻ ഒന്നു പരുങ്ങി. ഇൻസ്പെക്ടർ ദേവകിക്കുട്ടിയുടെ കൈവിട്ടു ബാലകൃഷ്ണമേനവന്റെ നേരേ തിരിഞ്ഞു—