ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
105


'ഈ കയ്യെഴുത്തു എന്റെയാണു സംശയമില്ല.'

'ഇതിന്റെ ഉള്ളിലുള്ളതും നിങ്ങളുടേതുതന്നെ ആയിരിക്കണമല്ലൊ' എന്നു പറഞ്ഞു കുറെ വെളുത്തപൊടി ലക്കോട്ടിന്റെ ഉള്ളിൽ നിന്നെടുത്തു ഒരു ചെറിയ കടലാസുതുണ്ടിൽ വച്ചു കാണിച്ചുകൊടുത്തു. കാൎയ്യസ്ഥൻ മിഴിച്ചുപോയി.

'വിശ്വാസവഞ്ചനത്തിനും കൊലപാതകത്തിനും ഉള്ള മരുന്നു തരക്കേടില്ല. വൈദ്യന്റെ അവകാശവും പറ്റിക്കഴിഞ്ഞുവല്ലൊ. ഇനി, കൂട്ടുവൈദ്യന്മാരും ആരെല്ലാവരുമാണെന്നു കേൾക്കട്ടെ' എന്നു പറഞ്ഞു ഇൻസ്പെക്ടർ പൊടി ലക്കോട്ടിൽ തന്നെ ഇട്ടു. കാൎയ്യസ്ഥൻ കോൾമയിർകൊണ്ടു നഖശിഖാന്തം വിയൎത്തു പരവശനായിട്ടു—

'ലക്കോട്ടിൽ എജമാനന്രെ മരണപത്രമായിരുന്നു' എന്നു തൊണ്ട വിറച്ചുകൊണ്ടു പറഞ്ഞതു വ്യക്തമാവാഞ്ഞിട്ടോ എന്തോ—

അതെ മരണസൂത്രമാണെന്നു മനസ്സിലായി എന്നായിരുന്നു ഇൻസ്പെക്ടർ വ്യാഖ്യാനിച്ചതു്. ഇതിന്റെ ശേഷം കാൎയ്യസ്ഥന്റെ കൈപ്പീത്തെടുത്തിട്ടുള്ളതു വെടിപ്പാക്കുന്നതിനിടയ്ക്കു—

'എന്തിനായിട്ടാണു മിനിയാന്നു കാലത്തു നിങ്ങൾ പരിവട്ടത്തു പോയതു്?' എന്നുകൂടി ചോദിച്ചു. ഈ ചോദ്യത്തിനു—

'കുഞ്ഞിരാമൻ നായരോടു ഒസ്യത്തിന്റെ സംഗതി പറവാനാണു്' എന്നു സമാധാനം പറഞ്ഞതുകേട്ടു ചുണ്ടുകടിച്ചു തുറിച്ചുനോക്കിക്കൊണ്ടു—

'അതു ഞാൻ കുഞ്ഞിരാമൻ നായരോടു ചോദിച്ചറിഞ്ഞോളം, ഇതു ഇപ്പോൾ വായിച്ചുനോക്കി ഒപ്പിടു'

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/111&oldid=173886" എന്ന താളിൽനിന്ന് ശേഖരിച്ചത്