എന്നു പറഞ്ഞു കൈപ്പീത്തു കാണിച്ചുകൊടുത്തു. കാൎയ്യസ്ഥൻ അതു വായിച്ചുനോക്കി.
'ലക്കോട്ടിൽ വിഷമായിരുന്നു അടക്കം ചെയ്തയച്ചതു എന്നു ഞാൻ സമ്മതിച്ചിട്ടില്ല' എന്നു ശാഠ്യം പിടിച്ചുകൊണ്ടു പിന്നാക്കം മാറി.
'സമ്മതിച്ചുപോലും ഇല്ലപോലും ഇല്ലപോലും നിങ്ങൾ പറഞ്ഞേടംകൊണ്ടു തെളിവിന്റെ കാൎയ്യത്തിനു സംശയമില്ല. ഒപ്പിടാൻ മനസ്സുണ്ടെങ്കിൽ ഒപ്പിടു' എന്നു കൈപ്പീത്തു മേശയുടെ അറ്റത്തേക്കു മാറ്റിവച്ചു പേനയും മഷിയിൽ മുക്കി വച്ചുകൊടുത്തു.
'എജമാന്നെ, ഇങ്ങനെ കല്പിക്കരുതേ. എജമാന്നെ, മനസാവാചാ അറിയാത്ത അപരാധം എന്റെ പേരിൽ ചുമത്തരുതേ, എജമാന്നെ, എന്നെ ചതിച്ചതാണു്. എജമാന്നെ, എജമാന്നെ, എന്നെ രക്ഷിക്കണെ. എജമാന്നേ, എന്നു സങ്കടപ്പെട്ടു കണ്ണുനീർ പൊഴിക്കുമ്പോൾ ഇൻസ്പെക്ടർ ഇടത്തുകൈകൊണ്ടു കാൎയ്യസ്ഥന്റെ ചെകിട്ടത്തൊന്നു മൂളിച്ചു. രണ്ടാമതും കൈ ഓങ്ങിയപ്പോൾ കാൎയ്യസ്ഥൻ വലത്തേ ചെകിടു താങ്ങിക്കൊണ്ടു്—
'അയ്യോ എജമാന്നേ, എജമാന്നേ!' എന്നു പറഞ്ഞു നൃത്തം തത്തുവാൻ തുടങ്ങി.
'കിട്ടുണ്ണിമേവനന്റെ ചികിത്സ നിങ്ങൾ കഴിച്ചില്ലെ! നിങ്ങളുടെ പിഴിഞ്ഞുകുത്തും ധാരയും ഇവിടെ കഴിപ്പിക്കാം' എന്നു പറഞ്ഞു ഇൻസ്പെക്ടർ പുറത്തേക്കിറങ്ങി.
'തൊണ്ണൂറ്റഞ്ചു് എവിടെ? അകത്തുപോയി കാൎയ്യസ്ഥനെക്കൊണ്ടു കൈപ്പീത്തൊപ്പിടുവിക്കണം' എന്നു പറഞ്ഞനിമിഷത്തിൽ ഒരു കാൺസ്റ്റബിൾ, ഇൻസ്പെക്ടരുടെ