ആരംഭത്തിലെ ചോദ്യോത്തരങ്ങളുടെ ചുരുക്കം. വിസ്താരം ഈ നിലയിൽ എത്തിയപ്പോൾ 'കിട്ടുണ്ണിമേനവന്റെ ആധാരങ്ങളും മറ്റും കാൎയ്യസ്ഥന്റെയും നിങ്ങളുടേയും പേരിൽ മാറി എഴുതിച്ചിട്ടുള്ളതായിട്ടു നിങ്ങൾക്കറിവില്ലേ?' എന്നു ചോദ്യപരമ്പരയിൽ ഒരു പടികൂടി ഇൻസ്പെക്ടർ മേല്പോട്ടു കയറി.
'നാലാന്നാൾ കാലത്തു കാൎയ്യസ്ഥൻ പറഞ്ഞപ്പോഴേ ഞാൻ അറിഞ്ഞുള്ളു.'
'നിങ്ങളുടെ പേരിലും എഴുതിക്കാണുന്നതു് എന്തുകൊണ്ടാണു്?'
'അദ്ദേഹത്തിന്റെ (കിട്ടുണ്ണിമേനവന്റെ) ഒസ്യത്തിൻപ്രകാരമാണെന്നാണു് കാൎയ്യസ്ഥൻ പറഞ്ഞതു്'
'കാൎയ്യസ്ഥൻ എന്തിനായിട്ടാണു നിങ്ങളുടെ വീട്ടിൽ വന്നതു്?'
'ഒസ്യത്തിന്റെ കാൎയ്യം പറവാൻതന്നെ.'
'ഒസ്യത്തെവിടെ?'
'അദ്ദേഹത്തിനയച്ചുകൊടുത്തതിൽ പിന്നെ അതിനെപ്പറ്റി യാതൊരു വിവരവും അറിവില്ലെന്നാണു കാൎയ്യസ്ഥൻ പറഞ്ഞതു്.'
'എന്നാൽ ഈ സംഗതി എന്തുകൊണ്ടു നിങ്ങൾ എന്നോടു പറഞ്ഞില്ല?'.
'സ്റ്റേഷനാപ്സർ ഭാസ്ക്കരമേനവനോടു പറഞ്ഞിട്ടുണ്ടായിരുന്നു.'
'ശരി, ഭാസ്ക്കരമേനോൻ മരിച്ചുപോയല്ലൊ? അല്ലെ? അതവിടെ ഇരിക്കട്ടെ കാൎയ്യസ്ഥന്റെ ശിഷ്യൻ എഴുത്തു കൊണ്ടു വന്നതു കണ്ടില്ലെ? അതിൽ എന്തായിരുന്നു?"