ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പന്ത്രണ്ടാമദ്ധ്യായം

ഉപസംഹാരം


ഇൻസ്പെക്ടർ പിറ്റേദിവസം കാലത്തെഴുനീറ്റു റിക്കാർട്ടുകെട്ടിൽനിന്നൊരു കടലാസു ചുരുളെടുത്തു നിവൎത്തിയപ്പോൾ കനലിൽ ചുട്ടെടുത്ത കനകച്ചങ്ങലപോലെ വിളങ്ങുന്ന സൂര്യബിംബത്തിൽനിന്നു പൊട്ടിപ്പുറപ്പെടുന്ന രശ്മിക്കൂട്ടം ജനാലകളിൽ‌കൂടി കടന്നു സ്റ്റേഷൻ മുറിക്കകത്തു കുടികൊണ്ടിരുന്ന അന്ധകാരനികരത്തെ നിർമ്മൂലനം ചെയ്യുവാൻ തുടങ്ങിയതുകണ്ടാൽ പതിമൂന്നാം തീയതി പുലൎന്നതു കുണ്ടുണ്ണിനായർ ഇൻസ്പെക്ടരുടെ പ്രത്യേകാവശ്യത്തെ ഉദ്ദേശിച്ചു തന്നെയാണോ എന്നു തോന്നും. ഇൻസ്പെക്ടൎക്കും ഉപകാരസ്മരണ ഉണ്ടാകാതിരുന്നില്ല. ബാലാൎക്കകിരണങ്ങളെ ആദരപൂൎവം സ്വീകരിച്ചുകൊണ്ടു അദ്ദേഹം ജനാലയുടെ അടുക്കലേക്കുനീങ്ങി. അവിടെനിന്നുകൊണ്ടു് അന്നേദിവസം കോടതിമുമ്പാകെ ചാൎജ്ജുചെയ്യുവാൻ നിശ്ചയിച്ചിരിക്കുന്ന കൊലപാതകക്കേസുകളുടെ വികടമാർഗ്ഗങ്ങൾ അകപ്പെട്ടു, ചേരയെ വിഴുങ്ങുവാൻ ഉത്സാഹിച്ച നീൎക്കോലിയെപ്പോലെ, യാതൊരവസാനവും കണ്ടുകിട്ടാതെ കിടന്നു കുഴങ്ങുമ്പോൾ വഴിയിലൊരു കോലാഹലംകോട്ടു തിരിഞ്ഞുനോക്കിയ നിമിഷത്തിൽ, കേസ്സാലോചനമൂലം കുണ്ടുണ്ണിനായൎക്കുണ്ടായിരുന്ന കണ്ടപ്പാടു് സകലതും കലാശിച്ചു നെറ്റിത്തടത്തിലെ ചുളിവുകളൊക്കെ നിവൎന്നു. തലചൊറിഞ്ഞിരുന്ന കയ്യിന്റെ ജോലിയും ഒതുങ്ങി എതിരായി വരുന്ന സ്വരൂപത്തിൽ പതിഞ്ഞിരിക്കുന്ന ദൃഷ്ടികൾക്കുമാത്രം എമച്ചുമിഴി കുറഞ്ഞുപോയതിനാൽ വേല കുറേക്കൂടി വർദ്ധിച്ചു. വളരെ താമസംകൂടാതെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/125&oldid=173901" എന്ന താളിൽനിന്ന് ശേഖരിച്ചത്