യജമാനന്റെ അവസാനത്തേക്കുള്ള വട്ടംകൂട്ടൽ കണ്ടപ്പോൾ അയാൾ എന്തെന്നില്ലാതെ വ്യസനത്തിനു അധീനനായിത്തീർന്നു.
"ഇവിടുന്നു ഇങ്ങിനെയൊന്നും പറയരുതു് ഞങ്ങൾക്കു വളരെ സങ്കടമായിട്ടുള്ളതാണു്. ഇവിടത്തെ ദീനം അത്ര സാരമുള്ളതല്ലെന്നു, അപ്പാത്തിക്കരി ഇവിടുത്തോടുമാത്രമല്ല ഞങ്ങളോടും പ്രത്യേകിച്ചു പറകയുണ്ടായിട്ടുണ്ടു്. ഇവിടുന്നു ഇപ്പോൾ പറഞ്ഞതുപോലെ പുള്ളികളോടു ഈ അവസരത്തിൽ പണം പിരിക്കുവാനും മറ്റും ഉത്സാഹിച്ചാൽ ആളുകൾ എന്തുവിചാരിക്കും? ഒരിക്കലും ഇവിടുന്നു ഇങ്ങനെ പറയരുതു്" എന്നു കാൎയ്യസ്ഥൻ പറഞ്ഞതിനു-
"ആട്ടെ വേണ്ടില്ല. എല്ലാ സംഖ്യകളും അത്ര ബദ്ധപ്പെട്ടു പിരിക്കണമെന്നില്ല. ലക്ഷ്യങ്ങൾ വാങ്ങാതെ വിശ്വാസത്തിന്മേൽ കൊടുത്തിരിക്കുന്നതു മാത്രം തൽക്കാലം പിരിച്ചുതുടങ്ങിയാൽ മതി." ശേഷമുള്ളതു് വഴിയെ ആവാം എന്നു കിട്ടുണ്ണിമേനവൻ പറഞ്ഞു. ഇങ്ങനെ വിശ്വാസത്തിന്മേൽ കൊടുത്തിരിക്കുന്നതു പണ്ടേതന്നെ കാൎയ്യസ്ഥന്റെ പൂർണ്ണസമ്മതത്തോടുകൂടീട്ടല്ലാത്തതിനാൽ ആ വക സംഖ്യകൾ പിരിക്കുന്നതിൽ അയാൾക്കു ലേശം സമ്മതക്കേടുണ്ടായില്ല. ഉടനെതന്നെ ഇക്കാര്യത്തെപ്പറ്റി മൂന്നാലു് എഴുത്തുകൾ അയച്ചകൂട്ടത്തിൽ ഒന്നു കിട്ടുണ്ണിമേനവന്റെ ശേഷക്കാരിൽ ഒരുവനായ ചേരിപ്പറമ്പിൽ കാരണവർക്കായിരുന്നു.
ഈ എഴുത്തിലെ അഭിപ്രായപ്രകാരം ഒരാഴ്ചവട്ടത്തിനകം സംഖ്യമുഴുവനും തീൎക്കുവാൻ കാരണവർ വിചാരിച്ചിട്ടു യാതൊരു വഴിയും കണ്ടില്ല. വേഗം അനന്തരവനായ ബാലകൃഷ്ണമേനവനെ വിളിച്ചു എഴുത്തു കൈയ്യിൽ