കണ്ണുനീരുവാൎത്തുകൊണ്ടു, പറഞ്ഞിട്ടുള്ളതായിട്ടു കുഞ്ഞിരാമൻനായരുതന്നെ എന്നോടു പറഞ്ഞിട്ടുണ്ടു്. കൃഷ്ണൻകുട്ടിമേനോൻ വക്കീൽപരീക്ഷയും ജയിച്ചു. അമ്മുവിനെത്തന്നെ ധ്യാനിച്ചുംകൊണ്ടു കൂടിയിരിക്കുന്നു. അമ്മു സ്വാതന്ത്ര്യം അവലംബിക്കുന്ന ഒരു പെൺകുട്ടിയുമല്ല. കാൎയ്യമെല്ലാം ഇങ്ങനെയിരിക്കെ, നിയ്യു് വെറുതെ ബുദ്ധിമുട്ടുന്നതെന്തിനാണു്? ഞാൻ പറഞ്ഞതുപോലെ കേൾക്കുന്നതാണു നല്ലതു്."
ഇത്രത്തോളം ധാരമുറിയാതെകണ്ടു ഇൻസ്പെക്ടർ വാക്കുകളെ വർഷിച്ചതിന്റെ ശേഷം ശ്വാസം വിടുവാനായി കുറേനേരം മിണ്ടാതിരുന്നു. ഇനി അച്ഛനെക്കൊണ്ടു വെറുതെ സംസാരിപ്പിച്ചു നേരം കളകയില്ലെന്നു ബാലകൃഷ്ണമേനോൻ തീർച്ചയാക്കി എന്നിട്ടു-
"യാതൊരു കാര്യവും അച്ഛനെക്കൊണ്ടു രണ്ടാമതു പറയിക്കുവാൻ ഇടവരുത്തീട്ടില്ലെന്നാണു എന്റെ വിശ്വാസം. ഞാൻ ഇന്നു പരിവട്ടത്തേക്കല്ല പോയതു്. അച്ഛൻ അവിടെ വരുന്ന സമയങ്ങളിലൊക്കെ തറവാട്ടുപ്രാരബ്ധം പറഞ്ഞു് അച്ഛനെ ബുദ്ധിമുട്ടിച്ചാലോ എന്നു വിചാരിച്ചു അച്ഛൻ ആദ്യം ചോദിച്ചപ്പോൾ കാര്യം തുറന്നു പറവാൻ മടിച്ചതാണു്" എന്നു പറഞ്ഞു.
അങ്ങനെ വിചാരിപ്പാനുണ്ടൊ? എന്റെ ഭാൎയ്യയും മക്കളും അരിഷ്ടിക്കുന്നതു ഞാൻ അരിഷ്ടിക്കുന്നതിനു ശരിയല്ലെ? ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അതിനു സംഗതിവരത്തില്ല അതു സംശയിക്കേണ്ട" എന്നു ഇൻസ്പെക്ടർ വളരെ ഗൌരവത്തോടുകൂടി പറഞ്ഞു.
വാസ്തവത്തിൽ ഇൻസ്പെക്ടരും ഭാൎയ്യയും മക്കളും അരിഷ്ടിക്കുന്നതിൽ ലവലേശം ഭേദമില്ല. ഇൻസ്പെക്ടർക്കു അദ്ദേഹത്തിന്റെ മാസപ്പടിയല്ലാതെ മറ്റൊരു സമ്പാദ്യവും ഇല്ല. തറവാട്ടിൽ സ്വത്തു വേണ്ടുവോളം