ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
37


ഊഹിക്കുവാൻ വഴിയായിത്തീർന്നു. നിലത്തു പതിഞ്ഞുകാണുന്ന കാലടികൾ സൂക്ഷിച്ചുനോക്കിക്കൊണ്ടു് അകത്തുനിന്നും ഭാസ്കരമേനോൻ ഓവറയിലേക്കു കടന്നപ്പോൾ അവിടേയും ഉമ്മറപ്പടിയിന്മേലും കിണ്ടിയിൽ കണ്ടതുപോലെയുള്ള ചില വെളുത്ത പാടുകളും അതുകളുടെ മീതേയുള്ള ചില പാദപാതങ്ങളും സ്റ്റേഷൻ ആപ്സരുടെ ശ്രദ്ധയെ ആകർഷിച്ചു. ഓവറയുടെ പടിഞ്ഞാറേ ഭാഗത്തുള്ള വാതലിനോടു് അടുക്കുംതോറും അവയ്ക്കു ക്രമേണ തെളിവുകുറഞ്ഞും കാണുന്നു. ഓവറയുടെ വടക്കേ ചുവരിന്മേൽ അകത്തേക്കു കടക്കുന്ന വാതലിന്റെ എടത്തു പുറത്തായിട്ടു തോർത്തുമുണ്ടു തൂക്കുവാൻ തുളച്ചുകൊള്ളിച്ചിരുന്ന ഒരു കോലും, താഴെ വീണുകിടന്നിരുന്നു. നിലത്തുനിന്നും ആ കോലിരുന്നിടത്തുവരെയുള്ള പൊക്കം കുപ്പായക്കീശയിൽ ഉണ്ടായിരുന്ന അളവുനാടകൊണ്ടു് അളന്നു കണക്കാക്കി നോട്ടുപുസ്തകത്തിൽ കുറിച്ചെടുത്തു നിലത്തുള്ള കാലടികളുടെയും അളവെടുത്തു. ഈ അളവും ഓവറയുടെ അടുത്തു ഇറയത്തുള്ള ഏതാനും ചില കാലടികളുടെ അളവും ഒത്തിരിക്കുന്നു. ഈ കാലടികളുടെ ഗതി ഓവറയിലേക്കാണു്. ഇറയത്തിന്റെ നേരെ താഴത്തു മണലിലായിട്ടു വടി കുത്തിനിറുത്തിയിരുന്നപോലെ ഒരുരൂപാവട്ടത്തിൽ ഒരു കുഴിയും കാണുന്നുണ്ടു്. കുഴിയുടെ വലിപ്പംകൊണ്ടു അതു സാധാരണ കുത്തിനടക്കുന്ന വടിയാകുവാൻ തരമില്ല. വിശേഷിച്ചു ഈ കുഴിയുടെ നേരെ മുകളിലുള്ള ഒരോടുപൊട്ടി താഴത്തു വീണുകിടക്കുന്നതിൽനിന്നു വടിക്കു അവിടെ മുട്ടത്തക്കവണ്ണം നീളമുണ്ടായിരുന്നിരിക്കണമെന്നും സ്റ്റേഷൻ ആപ്സർ ആലോചിച്ചു. ഈ കുഴിയുള്ള സ്ഥലത്തുനിന്നു അടുക്കളയും മതിലുംകൂടി ചേർന്നിരുന്ന മൂലവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന പാടുകൾ കാണ്മാനുണ്ടു്. എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/43&oldid=173953" എന്ന താളിൽനിന്ന് ശേഖരിച്ചത്