അപ്പോഴത്തെ ശാന്തതയെ ഇവൾ സുഖമാകുംവണ്ണം അനുഭവിച്ചിരുന്നില്ലേ എന്നുകൂടി സംശയിക്കുന്നു. പ്രപഞ്ചത്തിന്റെ ഒരോരോ സമയത്തുള്ള ചേഷ്ടകളെ, മനുഷ്യർ അവരുടെ അതാതു സമയത്തുള്ള മനോവികാരത്തെ അനുസരിച്ചു, പലപ്രകാരത്തിൽ കാണുന്നതിനാൽ, ജനസഞ്ചാരം കുറഞ്ഞ ഒരു കാട്ടിൽ രാത്രിസമയത്തു തനിച്ചു ഊഞ്ഞാലാടിക്കൊണ്ടിരുന്ന ഈ സ്ത്രീ നിബിഡങ്ങളായ നിഴലുകളിൽ ഭയങ്കരങ്ങളായ രൂപങ്ങളെ നിർമ്മിച്ചു, വനമൃഗങ്ങളിൽ നിന്നും ചോരന്മാരിൽനിന്നും നേരിടാവുന്ന ആപത്തുകളെ ഓർത്തും, മറ്റനേകം വൈഷമ്യങ്ങളെ ആലോചിച്ചും മനസ്സിനെ ശല്യപ്പെടുത്തുന്നതിനു പകരം മൂളിപ്പാട്ടും പാടിക്കൊണ്ടു് നിലാവിന്റെ സരളതയേയും, പാറമേൽ തട്ടി ഒഴുകുന്ന നദിയുടെ ശാന്തമൃദുളമായ ശബ്ദത്തേയും സർവേശ്വരന്റെ ലോകവാത്സല്യത്തേയും അനുഭവിച്ചു രസിക്കുകയാണു് ചെയ്തിരുന്നതു്. ഈ സുഖവിചാരങ്ങളെ ഉണ്ടാക്കിത്തീർത്തവനും ആയവയ്ക്കു മുഖ്യവിഷയവുമായിരുന്ന ആ ഭാഗ്യവാനായ പുമാൻ പിന്നിൽക്കൂടി ഉപായത്തിൽ വന്നതും താഴെ വീണുകിടന്നിരുന്ന പിച്ചകപ്പൂവു് പെറുക്കിയെടുത്തു് വൃക്ഷത്തിന്റെ മറവിൽ ഒളിവായിനിന്നു ചെരിച്ചുനോക്കുന്നതും കുറച്ചുനേരത്തേക്കു യുവതി അറിയാതെ കഴിഞ്ഞു. ഒരിക്കൽ സമയംപോകുന്നതിന്റെ ജ്ഞാനമുണ്ടായി വള്ളിയുഴിഞ്ഞാലിന്മേൽ നിന്നു ഇറങ്ങിയപ്പോൾ ഒരു നിഴൽ മാറുന്നതുകണ്ടു ഭയപ്പെട്ടിട്ടെന്നപോലെ ഒരൊച്ച പുറപ്പെടുവിച്ചു. അപ്പോൾ വൃക്ഷത്തിന്റെ മറവിൽ നിന്നു ആ പുരുഷൻ-
'ഭയപ്പെടേണ്ട, ഞാൻതന്നെയാണു് എന്നു പറഞ്ഞു നേരിട്ടുചെന്നു. സൂര്യോദയത്തിൽ പത്മം വികസിക്കുന്നതുപോലെ ഹൃദയസ്ഥിതനായിരിക്കുന്ന സുന്ദരപുരുഷനെ