വാക്കുകേട്ടിട്ടു് പുരുഷവർഗ്ഗത്തെ അടച്ചു ശകാരിക്കുന്നതു ഭംഗിയല്ല. അവനവനെ നല്ലവണ്ണം അറിയുന്നവർ മറ്റുള്ളവരേയും ശരിയായിട്ടു അറിയും. ആത്മജ്ഞാനമാണു് പുരോഗിതജ്ഞാനത്തിന്റെ മൂലകാരണം. മേനി പറയുന്നവർ മുഖസ്തുതി പറയുന്നതിലും കേൾക്കുന്നതിലും ഉൽസുകന്മാരായിരിക്കും. ദേവകിക്കുട്ടി ആരെ മനസ്സിൽ വച്ചുകൊണ്ടാണു് ഇപ്പോൾ ഈ വാക്കു പറഞ്ഞതെന്നു എനിക്കു നിശ്ചയമുള്ളതുകൊണ്ടു ദേവകിക്കുട്ടിക്കു പുരുഷന്മാരെക്കുറിച്ചു പൊതുവിലുള്ള അഭിപ്രായം അത്ര വിലയുള്ളതായി ഞാൻ വിചാരിക്കുന്നില്ല' എന്നു മുൻ പ്രസ്താവിച്ചിരുന്ന വിഷയത്തിലേക്കു കുമാരൻനായർ വീണ്ടും പ്രവേശിച്ചു.
'അതു ശരിയായിരിക്കാം. എന്റെ അല്പബുദ്ധിയിൽ മാറിത്തോന്നിയെന്നേ ഉള്ളു. അച്ഛനും ജ്യേഷ്ഠനും ഒരുപോലെ കണ്ണിലുണ്ണിയായിട്ടുള്ള ഒരാൾ പറയുന്നതിൽ ദോഷം കാണുവാൻ മക്കൾക്കു മനസ്സുവരായ്കയാൽ പുരുഷന്മാരുടെ സാമാന്യമായിട്ടുള്ള സ്വഭാവം ഇങ്ങനെയായിരിക്കുമെന്നു വിചാരിച്ചു സമാധാനപ്പെട്ടതാണു്.'
'സമാധാനം തരക്കേടില്ല' എന്നുമാത്രം, അശ്രദ്ധനെന്നപോലെ, പറഞ്ഞിട്ടു കുമാരൻനായർ ചന്ദ്രന്റെ നേരെ നോക്കിക്കൊണ്ടു മൌനത്തെ അവലംബിച്ചു.
'മുഖസ്തുതി പറഞ്ഞു എന്നെ മുഷിപ്പിക്കുക മാത്രമാണെങ്കിൽ ആവട്ടെ എന്നുണ്ടു്. ഇയ്യാൾ കാരണമായിട്ടു വീട്ടിലുള്ള ആളുകളൊക്കെ ബുദ്ധിമുട്ടുന്നതിലാണു് പരമസങ്കടം. ജ്യേഷ്ഠനു് ഇയ്യാൾ പറയുന്നതൊക്കെ വേദവാക്യമാണു്. ജ്യേഷ്ഠൻ കൊട്ടുന്ന താളത്തിനു അച്ഛൻ തുള്ളുകയും ചെയ്യും. നമ്മുടെ പക്ഷത്തിൽ അമ്മമാത്രമേയുള്ളു.'
ദേവകിക്കുട്ടിയുടെ ഈ വാക്കുകളെല്ലാം അരണ്യരോദനമായിട്ടാണു് കലാശിച്ചതു്. ഒരു വാക്കുപോലും കുമാരൻനായർ മനസ്സിരുത്തി കേട്ടിട്ടില്ല. ഇതിന്റെ ശേഷം