താഴെ ഇറങ്ങി. ഉടനെതന്നെ അതിസൌഷ്ഠവത്തോടുകൂടി ഇടത്തു കൈകൊണ്ടു തലമുടിക്കെട്ടു പിടിച്ചു മുന്നോക്കം ഇട്ടിട്ടു പിച്ചകമാല എടുക്കുവാൻ തുടങ്ങി. അപ്പോൾ ചികുരഭാരത്തെ നോക്കിക്കടാക്ഷിച്ചിരുന്നതു വാത്സല്യാതിരേകംകൊണ്ടും വരാം. ഈ വട്ടമെല്ലാം കണ്ടിട്ടു കുമാരൻ നായർ പീഠത്തിന്മേൽ നിന്നു പെട്ടെന്നെഴുന്നേറ്റു് ദേവകിക്കുട്ടിയുടെ കൈക്കു കടന്നു പിടിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു:-
'വരട്ടെ അതിനെ ഉപദ്രവിക്കുവാൻ വരട്ടെ. പിച്ചകമാലയും ചാന്തുപൊട്ടം അതുകൾക്കു് ഉചിതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നതു കണ്ടാൽ അസഹ്യത നടിക്കുന്നവർ തൽക്കാലം ഇവിടെയാരുമില്ല. ഞാൻ പോകുന്നതുവരെ അവർക്കു സ്ഥാനഭ്രംശം വരുത്തുവാൻ ഞാൻ സമ്മതിക്കയില്ല. ദേവകിക്കുട്ടി ഇതു കേട്ടപ്പോൾ ചിരിച്ചുകൊണ്ടു തലമുടിക്കെട്ടു് പിന്നോക്കം തന്നെ ഇട്ടു. എന്നിട്ടു്-
'പോരേ? ഇനി വീട്ടിലെത്താറാവുമ്പോഴെ ഇതു കളയുന്നുള്ളു' എന്നു പറഞ്ഞു.
'ഏതെങ്കിലും ഇത്രനേരമായില്ലേ. ഇനി കുറച്ചുകൂടി കഴിഞ്ഞിട്ടു പോയാൽ പോരേ?'
'ഇനി അമാന്തിച്ചാൽ ജ്യേഷ്ഠൻ വ്യവഹാരമാക്കും. അച്ഛൻ ഇന്നു വരില്ല. അമ്മയോടു സത്യം പറവാനും വിരോധമില്ല. എന്നു്, 'കച്ചിട്ടിറക്കാനും വച്ചാ, മധുരിച്ചിട്ടു തുപ്പാനും വയ്യ' എന്ന വിധത്തിൽ, ദേവകിക്കുട്ടി മറുപടി പറഞ്ഞു.
'പുലയായതുകൊണ്ടു വരുന്ന തിങ്കളാഴ്ച ഇങ്ങനെയുള്ള കൂടിക്കാഴ്ചയ്ക്കു തരമാവുമോ എന്നറിഞ്ഞില്ല.