ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
60


ഭാസ്ക്കരമേനവൻ ശിഷ്യന്റെ മറുപടി മന്ദസ്മിതത്തോടുകൂടി കൈക്കൊണ്ടതിന്റെ ശേഷം-

'തനിക്കു പരിചയമില്ലാത്ത ആളുകൾ ആരെങ്കിലും ഞാൻ അകത്തിരിക്കുന്ന സമയം ഇവിടെ വന്നാൽ മണിയടിച്ചു് എനിക്കു അറിവതരണം. അല്ലാതെ അയാളോടൊന്നും ചോദിക്കേണ്ട. ഞാൻ പുറത്തേക്കു പോയിരിക്കയാണെങ്കിൽ എല്ലാം പണ്ടത്തെ ഏർപ്പാടുപോലെതന്നെ' എന്നു പറഞ്ഞു. സ്വകാര്യമുറിയിലേക്കു വീണ്ടും പ്രവേശിച്ചു വേല രണ്ടാമതും തുടങ്ങി. കിണ്ടിയെടുത്തു നല്ലവണ്ണം ഇളക്കി അതിലുള്ള വെള്ളം മുരലിൽകൂടി ഒരു സ്ഫടികത്തംപ്ളറിലേക്കു ഒഴിച്ചു. എന്നിട്ടു് അപ്പാത്തിക്കരിയുടെ മരുന്നുകൊണ്ടു കാട്ടിയ പ്രയോഗങ്ങളെല്ലാം ഈ വെള്ളംകൊണ്ടു പുനരായിട്ടു് ആരംഭിച്ചു. എന്നാൽ ഇത്തവണയുണ്ടായ പരീക്ഷാക്രമത്തിൽ ഓരോപടി കയറുംതോറും പരിശ്രമം ഫലവത്താകുമെന്ന വിശ്വാസം വർദ്ധിച്ചുവന്നിരുന്നതു് അദ്ദേഹത്തിന്റെ മുഖഭാവത്തിലും പ്രവൃത്തിയിലും ക്രമേണ വെളിപ്പെട്ടിരുന്നു. മുഖം പ്രസന്നമായിത്തുടങ്ങി. ശുഷ്കാന്തി മുഴുത്തു തുടങ്ങി. ശ്രദ്ധ മറ്റൊരേടത്തും വ്യാപിക്കാതെയായി. വേലയുടെ അവസാനം കണ്ടുതുടങ്ങി. ഈ അവസരത്തിൽ അന്ധകാരം വന്നു പരക്കുന്നതു് അദ്ദേഹം അറിയുന്നതേ ഇല്ല. മരുന്നുകൾ തിളപ്പിക്കുവാനായി കത്തിച്ചിരുന്ന ബ്രാണ്ടിഎണ്ണവിളക്കിന്റെ പ്രഭ മാത്രമേ വേല നടത്തുവാൻ അദേദഹത്തിനെ സഹായിച്ചിരുന്നുള്ളു.

അകത്തു ദുഷ്ടവായു സഞ്ചരിക്കാതിരിക്കുവാൻ വേണ്ടി പടിഞ്ഞാറെ ജനാലയുടെ മരവാതിൽ മുഴുവനും കണ്ണാടിവാതിൽ കുറഞ്ഞൊന്നും തുറന്നിട്ടിരുന്നു. സ്റ്റേഷനാപ്സർ ഏകാഗ്രചിത്തനായി നിജവേലയിൽ നിമർജ്ജിച്ചിരിക്കുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/66&oldid=173978" എന്ന താളിൽനിന്ന് ശേഖരിച്ചത്