'ആരോ പറമ്പിൽകൂടി ഓടുന്ന ഒച്ചകേട്ടിട്ടു് ആരാണെന്നു നോക്കുകയായിരുന്നു' എന്നു മറുപടി പറഞ്ഞു. സ്റ്റേഷനാപ്സർ ഇതുകേട്ടു് ഒന്നു ചിരിച്ചു. എന്നിട്ടു്-
'ഞാൻ മടങ്ങി വരുന്നതുവരെ ഉറങ്ങിപ്പോകരുതു്. നല്ലവണ്ണം കാത്തിരിക്കണം' എന്നു ശിഷ്യനെ പറഞ്ഞേല്പിച്ചു വീട്ടിൽ നിന്നു പുറത്തിറങ്ങി.
സമയം ഏകദേശം അഞ്ചരനാഴിക രാച്ചെന്നിരിക്കണം. ചക്രവാളത്തിനു സമീപിച്ചിരിക്കുന്ന ചന്ദ്രശകലം വൃക്ഷസമൂഹത്തിൽ മറഞ്ഞിരുന്നു. നാട്ടുവഴിയിൽ മനുഷ്യസഞ്ചാരം തീരെ ഒതുങ്ങി. ഏകബന്ധുവായിരുന്ന കിട്ടുണ്ണിമേനവന്റെ വേർപാടുനിമിത്തം എളവല്ലൂർദേശം ദീർഘനിദ്രയെ അംഗീകരിച്ചതോ എന്നു തോന്നുമാറു ഭയാവഹമായ ഒരു നിശ്ശബ്ദത എല്ലാടവും വ്യാപിച്ചിരുന്നു. നാട്ടുവെളിച്ചമാകുന്ന തുണയോടുകൂടി ഭാസ്കരമേനോൻ ഇടമട്ടു വേഗത്തിൽ നടക്കുകയും, കൂടക്കൂടെ ദൃഷ്ടികളെ അങ്ങുമിങ്ങും വ്യാപരിക്കുകയും ചെയ്തിരുന്നു. കുറെ ചെന്നപ്പോൾ ഒരു സ്വരൂപം അകലത്തുകൂടി നിഴലെന്നപോലെ തന്നെ പിന്തുടരുന്നുണ്ടെന്നു തോന്നി സ്റ്റേഷനാപ്സർ തന്റെ ഗതിവേഗം ഒന്നു ചുരുക്കി; അപ്പോൾ ആ സ്വരൂപവും അപ്രകാരം ചെയ്തു. സ്റ്റേഷനാപ്സർ നിന്നപ്പോൾ സ്വരൂപവും വൃക്ഷത്തിന്റെ ഇടയിൽ മറഞ്ഞു. അദ്ദേഹം വീണ്ടും മുറുകി നടന്നുതുടന്നുതുടങ്ങിയപ്പോൾ അതും ബദ്ധപ്പെട്ടു നടന്നുതുടങ്ങി. അദ്ദേഹം നേർവഴിവിട്ടു വൃഥാവിൽ ഒരു ഇടവഴിയിലേക്കു തിരിഞ്ഞപ്പോൾ അതു പിൻതുടരുവാൻ മടിച്ചു. അദ്ദേഹം തിരിച്ചു റോട്ടിൽകൂടി നടന്നുതുടങ്ങിയപ്പോൾ അതും അദ്ദേഹത്തിനെ അനുഗമിക്കുവാൻ തുടങ്ങി.