പൎവതങ്ങളിലുള്ള വൃക്ഷമൃഗാദികളുടെ സ്വരൂപനിൎണ്ണയം ചെയ്യുവാൻ ദൂരനിവാസികളുടെ സ്വാഭാവിക ദൃഷ്ടികൾക്കു് കേവലം അസാദ്ധ്യമാകുന്നതുപോലെ ഇന്നപ്രകാരമെന്നു വിവരിക്കപ്പെടുവാൻ പ്രയാസമായ ആപൽശങ്കലായിൽ വ്യാകുലപ്പെട്ടിരിക്കുന്ന മനസ്സിനു് ഉന്മേഷമുണ്ടാക്കുവാനൊ ഭാവിയായൊ വൎത്തമാനമായൊ ഉള്ള ആപത്തിൽ നിന്നു മോചനമാൎഗ്ഗം കാണുമ്പോളുണ്ടാവുന്ന സന്തോഷത്താലൊ ഒരുവൻ ചെയ്യുന്നതുപോലെ താളം പിടിച്ചു ഗാനരീതിയിൽ ചൂളംകുത്തിക്കൊണ്ടാണു് ബാലകൃഷ്ണമേനോൻ മനോരാജ്യസമാധിയിൽനിന്നും ഉണൎന്നതു്.
പ്രകൃത്യാ സംഗീതത്തിന്റെ ആപാതമുധുരത്വം അറിയാത്തവനും വാസനാരഹിതനും ആയ ബാലകൃഷ്ണമേനവൻ പ്രകൃതിവിരുദ്ധമായ ഈ പ്രയോഗത്തിൽ ദൈന്യം തോന്നീട്ടൊ എന്നു തോന്നുമാറു് പെട്ടെന്നു ധ്യാനരീതി വിട്ടു ചൂളംകുത്തുന്നതു സാധാരണമട്ടിലാക്കി.
അമ്മു ആഭരണങ്ങളെല്ലാം അഴിച്ചു ശിഷ്യത്തിയുടെ കൈയിൽ കൊടുത്തിട്ടു് തലമുടി രണ്ടായിപ്പകുത്തു ഒരു പകുതി മുമ്പാക്കം ഇട്ടു പേർത്തെടുത്തുകൊണ്ടു പുഴക്കടവിലേയ്ക്കു പോകുംവഴിയാണു് ചൂളംകുത്തുന്ന ശബ്ദം കേട്ടതു്. ഒച്ച വളരെ പരിചയമുള്ളതായിരുന്നുവെങ്കിലും, പതിവിൽ വ്യത്യാസപ്പെട്ടു പാട്ടുപാടുന്നതായി തോന്നിയതുകൊണ്ടു, കാടുതെളിക്കുന്ന കൂക്കിവിളികേട്ടു പകച്ചു നിൽക്കുന്ന മാൻപേടയെപ്പോലെ അല്പനേരം ചെവി ഓൎത്തുകൊണ്ടു സംശയിച്ചുനിന്നു. പത്തായപ്പുരയും ഉരൽപ്പുരയും കൂടിയ ഒരു കെട്ടിടത്തിന്റെ മറവുകൊണ്ടു കൊട്ടില്പടി, കാണുവാൻ വയ്യായിരുന്നു. അധികതാമസംകൂടാതെ ചൂളംകുത്തുന്നതിന്റെ സമ്പ്രദായം പതിവിൻപടിയായി. ഉടനെ