ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
76


അരയിൽ ചുറ്റിയിരുന്ന മേൽമുണ്ടിന്റെ ഒരു തലകൊണ്ടു മാറിടം മറച്ചും, കാറ്റടികൊണ്ടു മുഖത്തേക്കു വരുന്നതും കറുത്തു നീണ്ടു ചുരുണ്ടതും ആയ തലമുടി ഒരു കൈകൊണ്ടു തടുത്തും അമ്മുവിന്റെ അനലംകൃതമായ സുന്ദരരൂപം ബാലകൃഷ്ണമേനവന്റെ നേരെ ചെന്നു. തന്നിൽ അത്യന്തം അനുരക്തയായ മോഹനാംഗിയുടെ വിനീതവേഷത്തോടുകൂടിയ വരവുകണ്ടിട്ടും നിൎമ്മലയായ മനസ്സിന്റെ ശുദ്ധഗതി ഓൎത്തിട്ടും ബാലകൃഷ്ണമേനവന്റെ മുഖത്തു ആദ്യം സ്ഫുരിച്ച ഭാവം ഭരതശാസ്ത്രപണ്ഡിതന്മാൎക്കുകൂടി ദുർഗ്രാഹ്യമായിട്ടുള്ളതാണു്. അനുകമ്പയുടേയും പുച്ഛരസത്തിന്റേയും മദ്ധ്യത്തിൽ ഒരു ഭാവരസം ഉണ്ടെങ്കിൽ അതാണെന്നു കഷ്ടിച്ചു സമ്മതിക്കാം. എന്നാൽ ഈ സ്തോഭം അരനിമിഷത്തിൽ മാറി വ്യസനസ്പർശത്തോടുകൂടിയ ഗൗരവഭാവമായിത്തീൎന്നു. അമ്മു അടുത്തുവന്നു-

'എന്നാ പാട്ടു പഠിച്ചതു്?' എന്നു ചോദിച്ചപ്പോൾ ബാലകൃഷ്ണമേനോൻ ഒരക്ഷരവും മറുപടി പറഞ്ഞില്ല. അതുകണ്ടു വിഷാദത്തോടുകൂടി അമ്മു മേനവന്റെ മുഖത്തു നോക്കി.

'ഞാൻ ദേവകിക്കുട്ടിയെ ചെന്നു കാണാഞ്ഞിട്ടുള്ള പരിഭവമാണെങ്കിൽ ഇന്നു കാലത്തു ഞാൻ അവിടെപോയിരുന്നു. നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. ഉച്ചക്കേ വരുള്ളു എന്നു ദേവകിക്കുട്ടി പറഞ്ഞു.'

'ജ്യേഷ്ഠനും അമ്മാമനും ഇവിടെയുണ്ടോ?'

ഇല്ല. അമ്മാമനെ കണ്ടു സംസാരിക്കയുണ്ടായോ? എന്നു ചോദിച്ചു. അമ്മു തലതാഴ്ത്തി. കാലിന്റെ പെരുവിരൽകൊണ്ടു മണ്ണിൽ ചിത്രമെഴുതുവാൻ തുടങ്ങി. ബാലകൃഷ്ണമേനോൻ അമ്മുവിന്റെ ചോദ്യത്തിനു 'ക്ഷമിക്കു' എന്നു മാത്രം മറുവടി പറഞ്ഞിട്ടു്-

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/82&oldid=173996" എന്ന താളിൽനിന്ന് ശേഖരിച്ചത്