'അവർ എപ്പോൾ വരും?' എന്നു വീണ്ടും ചോദിച്ചു.
'നല്ല നിശ്ചയമില്ല. രണ്ടുപേരുംകൂടി അടിയന്തിരമായിട്ടു ആരേയോ കാണുവാൻ പോയിരിക്കയാണെന്നു ശിഷ്യത്തി പറഞ്ഞു, വളരെ നേരമായിട്ടില്ല പോയിട്ടു്. ഊണുകഴിച്ചു പോയാൽമതി; അപ്പോഴേക്കും അവർ വരാതിരിക്കയില്ല.' അമ്മുവിന്റെ ഈ ക്ഷണം സ്വീകരിച്ചുവോ ഇല്ലയോ എന്നു സൂക്ഷ്മമറിവാൻ പ്രയാസമായിട്ടുള്ള വിധത്തിൽ അധരോഷ്ഠങ്ങളേയും ദന്തങ്ങളേയും മാത്രം വ്യാപിച്ചതായ ഒരുമാതിരി വികൃത മന്ദഹാസംകൊണ്ടു മറുവടിയുടെ ഭാരം നിർവഹിച്ചിട്ടു, മനസ്സിൽ കടന്നുകൂടിയിരിക്കുന്ന ശങ്കയ്ക്കു സമാധാനം വരുത്തുവാനായി, ബാലകൃഷ്ണമേനോൻ ഇപ്രകാരം ചോദിച്ചു:-
'ഇത്ര അടിയന്തിരമായ കാൎൎയ്യമെന്താണു്? അവർ എങ്ങോട്ടാണു പോയിരിക്കുന്നതു്?'
'നല്ല തീർച്ചയില്ല. ഇന്നു കാലത്തു പുളിങ്ങോട്ടു കാൎയ്യസ്ഥൻ ഇവിടെ ഉണ്ണുവാൻ വന്നിരുന്നു. അപ്പോൾ സ്റ്റേഷൻ ആപ്സരെ കാണണമെന്നോ ഏതാണ്ടു ചിലതൊക്കെ പറയുന്നതുകേട്ടു.
'എന്നിട്ടു്?' എന്നു ചോദിക്കാതിരിക്കുവാൻ ബാലകൃഷ്ണമേനവനു ക്ഷമയുണ്ടായില്ല.
'പിന്നത്തെ വൎത്തമാനമൊന്നും എനിക്കു രൂപമില്ല. ഞാൻ ദേവകിക്കുട്ടിയെ കാണുക കഴിഞ്ഞു തിരിയെ വന്നപ്പോൾ കുറച്ചു വൈകി. എന്നിട്ടു തിടുക്കപ്പെട്ടു കുളികഴിച്ചു അകത്തേക്കു പോകും വഴിയാണു ഇതു കേട്ടതു്. ഈറൻ മാറലും കഴിച്ചു പുറത്തേയ്ക്കു വന്നപ്പോൾ കാൎയ്യസ്ഥൻ ഊണുകഴിച്ചു പോയിക്കഴിഞ്ഞു.'
ആരംഭത്തിൽ ഉദ്ദേശിക്കപ്പെട്ട കാൎയ്യം ചോദിച്ചു തീർച്ചപ്പെടുത്തുന്നതിനു മുമ്പു് സംവാദത്തിന്റെ ഗതി