മാറി. നഭസ്ഥലം ഒരു പോൎക്കളംപോലായായി, വെളുത്ത മേഘങ്ങളെല്ലാം കറുത്തിരുണ്ടു, രണാങ്കണത്തിൽ പടയാളികളെന്നപോലെ, കാറ്റടിച്ചുകൊണ്ടു അങ്ങുമിങ്ങു പാഞ്ഞുതുടങ്ങി, ചന്ദ്രൻ മറഞ്ഞു. ഇടിവെട്ടിത്തുടങ്ങി, മിന്നൽ പാളിത്തുടങ്ങി. ഇരുട്ടും ഒരുവിധം എല്ലാടവും വ്യാപിച്ചു.
ഈ കോലാഹലത്തിൽ സ്റ്റേഷനാപ്സരുടെ കുട കയ്യിൽനിന്നു പറന്നുപോയി. മറിഞ്ഞു മറിഞ്ഞുപോകുന്ന കുടയുടെ പിന്നാല ഓടിയെത്തി അതു എടുക്കുവാനായിട്ടു കുനിഞ്ഞപ്പോൾ പിന്നിൽനിന്നു ഇരിമ്പുകീടൻപോലെയുള്ള രണ്ടുകൈകൾ സ്റ്റേഷനാപ്സരെ വന്നു ചുറ്റിപ്പിടിച്ചതും വലത്തുകാലിന്റെ മുട്ടു മുതുകത്തു കയറ്റുവാൻ ആരംഭിച്ചതും സ്റ്റേഷനാപ്സർ ഒന്നുകൂടി പെട്ടെന്നു അണു കുമ്പിട്ടിട്ടു ഒഴിഞ്ഞുകിടക്കുന്ന തന്റെ കണങ്കൈകളേക്കൊണ്ടു പിന്നിൽ നില്ക്കുന്നവന്റെ ഇടത്തുകാലിന്മേൽ പിടിച്ചു മുന്നോട്ടുവലിച്ചു വിവൎന്നതും പിന്നിലുള്ളവർ സ്റ്റേഷനാപ്സരെ മാറത്തു താങ്ങിക്കൊണ്ടു മലൎന്നുവീണതും ഒരു ഞൊടിക്കുകഴിഞ്ഞു. ആ കിടപ്പിൽ സ്റ്റേഷനാപ്സർ മറഅറേവന്റെ അരക്കെട്ടിൽ ഒരു പിടിത്തം പിടിച്ചതോടുകൂടി കൈകൾ രണ്ടും അയഞ്ഞു. തത്സമയം ഭാസ്കരമേനോൻ പിമ്പുമറിഞ്ഞു മറ്റവന്റെ തലയ്ക്കൽ ചെന്നുനിന്നു. അവൻ പിടിച്ചെഴുന്നേറ്റു അടി ഉറപ്പിക്കുവാൻ ഇടകിട്ടുന്നതിനു മുമ്പു കാലുവച്ചു അവനെ കമഴ്ത്തി വീഴിച്ചു. തൽക്ഷണം എതിരാളിയുടെ കൈകൾ നിലത്തോടുചേൎത്തു പിടിച്ചു. സ്റ്റേഷനാപ്സർ അവന്റെ പുറത്തുകയറി ഇരിപ്പായി. അവിടെ ഇരുന്നുകൊണ്ടു കാൎയ്യം പറയിക്കുവാനുള്ള ആലോചന തുടങ്ങിയപ്പോൾ കിടന്നിരുന്നവർ എടുത്തിരുന്ന വിദ്യ സ്റ്റേഷനാപ്സർ വിചാരിക്കാതെകണ്ടുള്ളതായിരുന്നു.