ധരിച്ചുവോ നീ നിന്നതിഥിയാരെന്നു?
ധരിച്ചില്ലെങ്കിൽ ഞാൻ ധരിപ്പിക്കാമിപ്പോൾ
കരുതുക വത്സ! കപിയാമെന്നെ നിൻ
പുരുഷവർഗ്ഗത്തിൻ പിതൃഭൂതനെന്നായ്
പിതാമഹൻ പണ്ടിപ്പൃഥിവി നിർമ്മിച്ചാ--
നതാന്തമാകും തൻ തപോബലത്തിനാൽ,
സമസ്തസമ്പത്തിൻ വിലാസരംഗമായ്,
സമഗ്രഭങ്ഗിതൻ വിലാസരംഗമായ്
അലകടൽപ്പൂമ്പട്ടരയ്ക്കണിയുവോ--
ളചലവക്ഷോജഭരം വഹിപ്പവൾ,
തരംഗിണീഹാ-രലതകൾ ചാർത്തുമ്പോൾ,
തരുവല്ലീപത്രാവലി ധരിപ്പവൾ,
ധ്രുവാദിനക്ഷത്രസുമങ്ങൾ ചൂടുവോൾ,
ദിവാകരേന്ദുക്കൾ വിളക്കെടുപ്പവൾ,
അധോഭുവനത്താൽ മെതിയടിയാർന്നോൾ
ത്രിദിവത്താൽ ദിവ്യകിരീടം പൂണ്ടവൾ;
ധരണിയാമസ്മജ്ജനനി മിന്നുന്നു;
ശരണമാർക്കും തച്ചരണപങ്കജം.
ധരിത്രിയിമ്മട്ടിൽച്ചമച്ചു നാന്മുഖൻ
പെരുത്തു ധന്യനായ്ക്കരുതിനാൻ തന്നെ.
പുതിയൊരമ്പലമിതേതു ദേവൻ തൻ-.
പ്രതിഷ്ഠയാലിനിസ്സനാഥമാകാവൂ?
തനയരേവരെ പ്രസവിച്ചിദ്ദേവി
ജനനസാഫല്യം ക്ഷണത്തിൽ നേടാവൂ?
ക്രമത്തിലിത്ഥമോർത്തജൻ ജനിപ്പിച്ചാൻ
കൃമിസരീസൃപവിഹങ്ഗമങ്ങളെ;
അകമലരതിലതൃപ്തമാകയാൽ
മൃഗങ്ങളെത്തീർത്താൻ വിവിധരൂപത്തിൽ;
അതിലും തുഷ്ടിവിട്ടൊടുവിൽ നിർമ്മിച്ചാൻ
മതിവച്ചീശ്വരൻ വലീമുഖന്മാരെ.
ജനിച്ചു തൽസൃഷ്ടപ്രപഞ്ചസൗധത്തിൽ
തനിപ്പൊൻതാഴികക്കുടങ്ങളായ് ഞങ്ങൾ;
ഭരിച്ചു പാരിതു പലനാൾ മാമകർ;
ധരിത്രി പിന്നെയും "സസേമിരാ" തന്നെ.
"വസുന്ധരേ! വത്സേ! ഭവതിയെ,ങ്ങെങ്ങീ--
യസുന്ദരങ്ങളാം കുരങ്ങിൻ കൂട്ടങ്ങൾ?
ഇവറ്റയെക്കൊണ്ടെന്തുയർച്ച നേടുമോ
ഭവതി? ഞാനെത്ര മടയനായ്പോയി?"