ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്കൃശത്തിങ്കൾക്കലയ്ക്കെപ്പൊഴോ വളർപക്ഷ--
മഗ്ഗ്രീഷ്മതപ്താപഗയ്ക്കൊപ്പൊഴോ വർഷാഗമം-?
കാത്തുനിൽക്കയാണവൾ വാതിൽക്കൽ കൈക്കുഞ്ഞുമായ്
ധൂർത്തനാം തന്നീശനെ-ക്കാലനെത്തോല്പിപ്പോനെ.

V


വരുന്നു ദൂരെനിന്നു കങ്കാളമൊ,ന്നസ്സത്വം
പുരുഷാകാരത്തിന്റെ പുത്തനാം വിഡംബനം
പാഴ്മദ്യച്ചേറ്റിൽത്താണു പാതിയുംമണ്ണായ്പ്പോയൊ--
രാമർത്ത്യൻ ഭദ്രൻ പേരാ,ലഭദ്രൻ ശീലത്തിനാൽ
വിജ്ഞർക്കു ഹാലാഹലം ഹാല; പാണിനീയത്തിൽ
യജ്ഞദത്തനെച്ചൊല്ലാം യജ്ഞനെന്നില്ലേ വിധി?
പേയമാകയാലതു പേയനയ്, ലോകത്തിന്നു
ഹേയനായ്പ്പോയാൻ, പണ്ടു ഗേയനായ് വാണോരവൻ.
ആടിയും കറങ്ങിയും പാടിയും രജസ്സാൽ മെയ്--
മൂടിയും വരികയാണമ്മധുപാഗ്രേസരൻ
ചാലമേൽ നിന്നക്കാഴ്ച കണ്ടിടും മരങ്ങൾക്കു
ചാലവേ മലർമിഴി കണ്ണീരിൽ മുഴുകവേ,
പാപിക്കു മാർഗ്ഗം കാട്ടും ജീവി, യേതധോലോകം
പ്രാപിക്കുമെന്നോർത്തധ്വദീപങ്ങൾ നടുങ്ങവേ;
കളയുന്നല്ലോ ഭവാൻ നൃ-ജന്മമെന്നങ്ങിങ്ങു
കിളിക്കുഞ്ഞുങ്ങൾപോലും കൃപയാൽ കഥിക്കവേ;
ക്രമമില്ലതെ ദുർവാക്കെപ്പോഴുമുരച്ചാലും
ക്ഷമയെക്കൂടെക്കൂടെയവലംബിക്കുന്നവൻ,
അലയാഴിതാൻ രഥ്യ; തനിക്കല്ലതിനത്രേ
നിലയില്ലായ്കയെന്നു നിനച്ചു നീന്തുന്നവൻ;
ശണ്ഠവേണ്ടവതമ്മിലെന്നോർത്തു പന്ഥാവിന്റെ
രണ്ടുവക്കിലുംകൂടി നടപ്പാൻ കൊതിപ്പവൻ;
കേവലം നീലാംബരൻ; വ്യോമത്തിലദൃശ്യനാം
രേവതീരമണനെപ്പോരിനായ് വിളിപ്പവൻ;
നെറ്റിനെഞ്ഞിവയ്ക്കുമേൽ റോഡ്ഡിലെച്ചരൽക്കല്ലു
പറ്റിച്ച ചെങ്കുങ്കുമപ്പൊട്ടിനാൽ വിളങ്ങുവോൻ;
എത്തിനാനൊരു മട്ടിലിഴഞ്ഞു തന്മാടത്തിൽ-
ശക്തിയ,ല്ലശക്തിതാൻ പൂജയാൽ പ്രസാദിച്ചോൻ.

VI


കൂലിവേലയ്ക്കണവൻ പോയതു പുലർച്ചയ്ക്കു;
ശീലിച്ചോൻ ശീലിക്കാത്തതൊക്കെയും വറുതിയാൽ.
അന്നന്നു പണിയെടുത്ത്ഞ്ചാറു പണം നേടും;-
മന്നന്നദ്രവ്യം മദ്യദ്രാവകം ദ്രവിപ്പിക്കും

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/18&oldid=174062" എന്ന താളിൽനിന്ന് ശേഖരിച്ചത്