XI
തന്നക്ഷിക്കാന്ധ്യം നീങ്ങിത്തൻ ഗൃഹശ്രീയെബ്ഭദ്ര--
നന്നത്രേ സാക്ഷാൽക്കരിച്ചാദ്യമായ് ജയിപ്പവൻ;
ഏതു കൂരിരുട്ടിന്നുമൊടുവിലുഷസ്സൊന്നു--
ണ്ടേതു കല്‌പാന്തത്തിനുമഗ്രത്തിൽ കൃതയുഗം.
നന്മതൻ നിഴൽതട്ടും തിന്മയ്‌ക്കു കുശലം താ--
നിമ്മന്നിലിന്നല്ലെങ്കിൽ നാളെയോ മറ്റന്നാളോ.
തൻകല വെൺപക്കത്തിൽ ചന്ദ്രന്നു പരിപൂർണ്ണം;
ഗംഗയിൽ ചേർന്നോരോടപ്പാഴ്‌നീരും ഗംഗാജലം.
ഇല്ലധോബിന്ദുവിന്നു താഴെപ്പോയാർക്കും വീഴ്‌ച;
ചെല്ലുന്നു നാമങ്ങെന്നാൽ പിന്നേടമുയർച്ചതാൻ.
ശുദ്ധമേ നഗ്നമാക്കാൻ ദുഷ്‌ക്കാലം തുടങ്ങുംബോൾ
ഹൃത്തലിഞ്ഞീശൻ കാക്കും; ചേലയും മേന്മേൽ തരും.
നോക്കിനാൽ വീണ്ടും വീണ്ടുമമ്മൃണാളിനിയേയു--
മാക്കൊച്ചുതങ്കത്തെയും തന്നെയും നന്നായ് ഭദ്രൻ.
തൻപുമർത്ഥലക്ഷ്യവും തൻ തൽകാലാവസ്ഥയും
തമ്മിലുള്ളോരു ദൂരമീക്ഷിച്ചാൻ ഭയങ്കരം.
ആവതെന്തയ്യോ! ഹാ! ഹാ! ദൈവമേ? കറങ്ങുന്നു
പാവത്തിൻ തല, കത്തിക്കാളുന്നു കരൾത്തടം;
കുഴഞ്ഞീടുന്നു കഴൽ; മങ്ങുന്നു മിഴി; മേന്മേ--
ലൊഴുകീടുന്നു ചുടുവേർപ്പുനീരുടലെങ്ങും.
ക്ഷണത്തിൽക്കണ്ടക്കാഴ്ച, വെച്ചു കുഞ്ഞിനെത്താഴെ,--
യണയ്‌പൂ തന്മെയ്യുമായ്‌ക്കാന്തനെക്കല്യാണിനി.
ഓമലാൾതൻ പുണ്യാങ്ഗസ്‌പർശത്താലവന്നുള്ളിൽ
രോമരന്ധ്രങ്ങൾതോറുമൂറുന്നൂ സുധാരസം.
താൻ പുനർജ്ജന്മലാഭധന്യനായതുപോലെ
സാമ്പ്രതം വിളങ്ങുന്നൂ സർവതോമുഖപ്രജ്‌ഞൻ
പ്രേമമേ! വിശുദ്ധമാം ഹേമമേ! മോക്ഷാപര--
നാമമേ! യോഗക്ഷേമധാമമേ! ജയിച്ചാലും!
XII
തന്നെയമ്മട്ടിൽത്താങ്ങിനിന്നിടും തൻ കാന്തയെ--
ത്തൻനറുംപൈമ്പാലിനെ-ത്തൻ തണൽപ്പരപ്പിനെ-
അശ്രുവാലാർദ്രമാമയക്ഷിയുഗ്‌മത്താൽ നോക്കി
നിശ്ചിതാർത്ഥമാം വാക്യമിത്തരം ചൊന്നാൻ ഭദ്രൻ
"മൽപ്രിയേ! മദ്ദീപികേ! മന്മനോമഹാരാജ്‌ഞി!
മൽപ്രാണാധികപ്രാണേ! മൽപൂജാഫലാത്മികേ!
എൻ നാഥേ! മഹാഗുണശാലിനി! മൃണാളിനി!
നിന്നാൽ ഞാൻ സമുത്തീർണ്ണൻ, നിന്നാൽ ഞാൻ സമുത്ഥിതൻ.
താൾ:മണിമഞ്ജുഷ.djvu/23
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു