ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇക്ഷണത്തിൽക്കാലമാകും വൻകടലിൻ മാറിൽനിന്നി--
ക്കൊച്ചുപകൽനീർക്കുമിള കാണാതെയാമോ?
ആകിലെന്തു? മറയട്ടെ വാസരവുമതിൻദുഷ്ടു--
മാഗമിച്ചീടട്ടെ രാത്രി കല്യാണദാത്രി
ഉദിക്കുന്നു; തടിക്കുന്നു; ചടയ്ക്കുന്നു, നശിക്കുന്നു;
പതിവിതിന്നെങ്ങു മാറ്റം പ്രപഞ്ചത്തിങ്കൽ?
വാടിയ പൂ ചൂടുന്നീല വാർകുഴലിൽ പ്രകൃത്യംബ,
ചൂടുനീങ്ങി സ്വാദുകെട്ട ചോറശിപ്പീല
പ്രതിക്ഷണമസ്സവിത്രി തനയർക്കായ്ത്തൻ കനിവാം
പുതുവെള്ളമൊഴുക്കുന്നു പുഴകൾ തോറും
ചേലിലുമ്പർ മഴവില്ലിൻ ചാറെടുത്തു വാനിടമാം
മാളികയ്ക്കു ചായമിടും കാലമിതല്ലോ!
അതു കാണ്മി,നനുഷ്ഠിപ്പിനവസരോചിതമെന്നു
കഥിക്കുന്നു നമ്മെ നോക്കിക്കിളിക്കിടാങ്ങൾ.

ii


വാനിലേവം പല വർണ്ണമൊന്നിനോടൊന്നുരുമ്മവേ,
ദീനതാപമിളംതെന്നൽ തീർത്തു ലാത്തവേ;
ആഢ്യരത്നാകരോർമ്മിക്കു വിഷ്ണുപദമണിതന്നെ
മാർത്തടത്തിൽ പതക്കമായ് ലാലസിക്കവേ;
വ്യോമവീഥി താരഹാരമണിയവേ; പുരിമങ്ക
ഹേമകാന്തിയെഴും ദീപദാമം ചാർത്തവേ;
വാടി നറുമലർമാല ചൂടീടവേ; കുയിലിനം
പാടിടവേ; വരിവണ്ടു മുരണ്ടീടവേ
കുളിർമതിയമൃതൊളിക്കതിർനിര ചൊരിയവേ;
മലയജരസം മാറിൽ മഹി പൂശവേ;
വാനും മന്നുമൊന്നിനൊന്നു മത്സരിച്ചു ചമയവേ
മാനുഷർക്കു മറ്റെന്തുള്ളു മാമാങ്കോത്സവം?

iii


ഭാമയെന്ന പേരിലൊരു പാർവണേന്ദുമുഖിയുണ്ടു
ഭാമിനിമാർ തൊടും ചെറുഫാലാലങ്കാരം
പതിനെട്ടോടടുത്തിടും വയസ്സവൾ;ക്കന്നുതന്നെ
പതിവ്രതമാർക്കത്തന്വി പരമാദർശം
ചിരകാലമകലത്തു വസിച്ച തൻ ദയിതന്റെ
വരവന്നു കാത്തിരിപ്പൂ വരവർണ്ണിനി
കുളിരിളന്തളിരൊളിതിരളും തൻ കളേബരം
കിളിമൊഴിമുടിമണി കഴുകി വേഗാൽ,
ആട,യണി,യലർമാല,യങ്ഗരാഗമിവകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/26&oldid=174071" എന്ന താളിൽനിന്ന് ശേഖരിച്ചത്