വരനുടൻ വന്നുചേർന്നാൻ; വനിതമാർമുടിപ്പൂൺപിൻ
പരവശനില കണ്ടാൻ; പരിതപിച്ചാൻ
"കരഞ്ഞാളിന്നലെ രാവിൽ കരൾനൊന്തെൻ കളവാണി;
പരമാർത്ഥമെന്നിൽ നിന്നു മറച്ചുവച്ചാൾ
നളിനാക്ഷി പൂണ്ടിരുന്നാൽ നവവധൂചിതവേഷം;
കുളിരെനിക്കരുളിനാളകതളിരിൽ.
പേർത്തുമിന്നാമട്ടുവിട്ടെൻ പ്രേമധാമമമരുന്നു
ബൗധസംഘാരാമത്തിലെബ്ഭിക്ഷുണിപോലെ
മതിർഭ്രമമുദിക്കയോ? മറുത താൻ ഗ്രഹിക്കയോ?
പതിയുടെ ചിത്തവൃത്തി പരീക്ഷിക്കയോ?
എന്നു ചിന്തിച്ചമ്പരക്കും തൻ പ്രിയനോടോതി ഭാമ;
"സുന്ദരമോ ദയിതന്നിശ്ശുദ്ധമാം വേഷം?"
"എന്തുചോദ്യമിതു ഭാമേ? നിൻ പ്രിയൻതൻ വധു നീയോ?
നിൻ തുകിലോ? നിന്നണിയോ? നിൻ തിലകമോ?
ശങ്കയെന്തിന്നിത്തരത്തിൽ? തത്വമോർക്കൂ! ഭവതിക്കു
തങ്കമേ! ഞാനെന്നുമെന്നും ദാസാതിദാസൻ.
തന്വി! നിൻ നിരാഭരണസുന്ദരമാം തനുവിതു
മുന്നിലേറ്റം ദയിതന്നു മോഹനമല്ലീ?"
എന്നുരച്ചൊരുമ്മവച്ചാൻ പങ്കിലമാം തന്മുഖത്തിൽ;
തന്നുടയ ചൊടി കൈയാൽ തുടച്ചാൽ പിന്നെ
അതിനൊന്നും മറുപടിയളിവേണിയരുളാതെ
മൃദുമന്ദസ്മിതസിത വിതറി നിന്നാൾ
ആയിരവുമപ്പുറവും ചിന്തയവർക്കുള്ളിലേറ്റി-
യായിരവും ചെന്നുപറ്റിയഹർമ്മുഖത്തിൽ
അത്തരുണിയെത്രമാത്രമാതിഥേയിയെന്നുകാണ്മാ-
നസ്തമനസന്ധ്യയൊന്നു വീണ്ടുമങ്ങെത്തി
ജായയുംതാൻ; പുത്രിയും താൻ! വേണ്ടതെന്തെ-ന്നങ്ങുമിങ്ങു-
മൂയലാടിക്കളിക്കയാണോമലാൾക്കുള്ളം.
പതിയുടൻ വന്നുചേർന്നാൻ; പടുവൃദ്ധൻ ജനകനും,
പ്രതിപത്തിവിമൂഢൻ, തൽപരിസരത്തിൽ.
ഭൃശമവർ മൂന്നുപേരും വിശദമായ് കേൾക്കുംവണ്ണ--
മശരീരിവാക്കൊന്നപ്പോളവതരിച്ചു
"ഹീരദത്ത! ഹീരദത്ത! ഹീനമീനിൻ വ്യവസായം;
നീരലർമിഴിയിവളിൽ നീതികേടില്ല.
നിന്റെ ലോക പരിചയം നിഷ്ഫലമായ്ത്തീർന്നുവല്ലോ,
ഹന്ത! നീ നിൻ പൂർവ്വവൃത്തം മറന്നുവല്ലോ.