താൻ നേടിവെച്ചീടിന ചന്ദനത്തെ--
ത്തൻമാറിടത്തിങ്കലണിഞ്ഞിടാതെ -
അങ്ങുള്ള പാഴ്ചേറഴിയാതെ- മിന്നാ--
മപ്പ,ന്നതന്യർക്കഖിലർക്കു മേകി.
മിഥ്യാഭിജാത്യക്കെടുഗർവു മെയ്‌ക്കു
വിലങ്ങുവെച്ചാലതു വെട്ടിമാറ്റി
മകന്നു ചെല്ലാം മനതാരലിഞ്ഞു
മാടത്തിലും മാളികയിൽക്കണക്കേ.
മാസാർദ്ധമാർജ്ജിച്ച വസുക്കൾകൊണ്ടു
മാസാർദ്ധദാനം പതിവായ് നടത്തി
ആചാര്യനാകാമഖിലർക്കുമുണ്ണി-
കന്യാർത്ഥമുള്ളോരസുധാരണത്തിൽ.
തനിക്കു പറ്റും ക്ഷിതിയിങ്കൽനിന്നു
തൻ പൗരുഷത്താലഭിവൃദ്ധി നേടി
താതന്നു കാട്ടാം വ്യവസായ ബന്ധു
ദൈവത്തൊടെന്നും സമശീർഷനെന്നായ് .
ധ്യാനിച്ചിവണ്ണം ശശിയെ ക്രമത്തിൽ
തദ്രൂപനായാൽ സമയം വരുമ്പോൾ
മറഞ്ഞിടാം വത്സനു വംശതന്തു
മായാപ്പുകൾത്തിങ്കളെ മന്നിൽനിർത്തി.
വൻകൂരിരുട്ടിൻ വദനത്തിൽ വീഴും
മർത്ത്യവ്രജത്തിന്നു വലച്ചിൽ നീങ്ങാൻ
കനിഞ്ഞുകാട്ടും വഴി, മുന്നിൽ നിന്നു
കല്പ്പാന്തകാലം വരെയപ്രദീപം.
വിരിഞ്ചനും കാലവശൻ ജഗത്തിൽ
മിന്നാമിനുങ്ങിൻ കളികാട്ടിനിൽക്കെ
എനിക്കു പോരേ ചരിതാർത്ഥനാവാ--
നെൻപുത്രനും പൗത്രനുമേവമായാൽ ?
കണ്ണീരു നീ വാർപ്പതു മേലിൽ നിന്റെ
കാര്യദ്രുമം കായ്‌പ്പതിനായിടട്ടേ
കുരച്ചിലിക്കേൾപ്പതു നിൻജയത്തിൽ
കല്യാണശംഖദ്ധ്വനിയായ് വരട്ടെ.
കവേ! ശിശുക്കൾക്കടി ശിക്ഷനൽകാൻ
കല്പ്പിച്ചൊരങ്ങെത്ര കഠോരചിത്തൻ !
താരും ചരൽക്കല്ലുമിണക്കി മാല
സരസ്വതിക്കങ്ങു ചമച്ചുവല്ലോ!!!
താൾ:മണിമഞ്ജുഷ.djvu/40
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു