ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെക്കൊണ്ടെന്താവും?" മൂകമാം ഗംഗാം- ബു
കണ്ണുനീർ തൂകുന്നു കാരുണ്യത്താൽ.

സാധ്വിയോടോതുന്നു ധൂളിപ്പെ"ണ്ണെന്നെ നീ
പാർത്തുവോ? ഞാനെത്ര ഭാഗ്യമുള്ളോൾ!
ഏതു പൂമ്പാറ്റയെൻ മെയ്‌ത്തീയിൽ വേകുന്നീ--
ലേതുകൈക്കോടു ഞാനേകുന്നീല!
ആനന്ദമെന്തു നീ കണ്ടു?" തൻ കാതിൽക്കൈ--
യാനതവക്‌ത്രയായ് വയ്‌പൂ സാധ്വി.

വൈദ്യനോടോതുന്നു പോരാളി: "ഞാനെത്ര
കീർത്തിമാൻ! കൈനിലച്ചുണ്ടെലി നീ.
ഏതൊരു മെയ്യിലും പായുവോന്നെൻ ശസ്ര്‌ത-
മാതുരൻതന്മെയ്യിൽ നിന്റെ ശത്രം
ഞാനല്ലീ നിൻ വൃത്തി പാലിപ്പോൻ?" പുഞ്ചിരി
താനറിഞ്ഞീടാതെ കൊൾവൂ വൈദ്യൻ.

യോഗിയോടോതുന്നു വിത്തേശൻ: "ഞാനത്രേ
യോഗവാൻ; നീയല്ലീ പിച്ചതെണ്ടി?
മേടയും മെത്തയും ധാന്യവും നാണ്യവും
പേടമാൻ നേർമിഴിമാരുമെന്യേ
എന്തിന്നു ജീവിതം?" താപസൻ ലോകത്തി--
ന്നന്ധതയോർത്തുനിന്നംബരപ്പൂ.

ഭൗതികവിജ്‌ഞാനമദ്ധ്യാത്മജ്‌ഞാനത്തോ--
ടോതുന്നു: "സോദര! പോരും ധ്യാനം!
ലോകത്തിന്നുൽഗതി ഞാനല്ലീ സാധിപൂ?
ദേഹിക്കു ദൈവത്തിൻ മേന്മ ചേർപ്പൂ?
പാഴ്‌ക്കിനാവെന്തുണ്ടു നേടുവാൻ?" ആ വാക്കു
കേൾക്കുന്നീലദ്ധ്യാത്മജ്‌ഞാനമേതും.


ആ കണ്ണുനീർ

ക്കണ്ണീർ- അതേ! പണ്ടു നാരദമഹർഷിതൻ
വാഗ്ഗങ്ഗയ്‌ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും
കോൾമയിർക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ!
വാല്‌മീകേ! ഭവാനാറ്റിൽ മദ്ധ്യാഹ്‌നസ്‌നാനത്തിനായ്
പോകവേ; നീഡദ്രുമപ്പുന്തേനാൽ യഥാകാല--
മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി
വാണിടും യുവക്രൗഞ്ചയുഗ്‌മത്തിൽ ഗൃഹേശനെ-
ബ്ബാണമെയ്‌തന്യായമായ് ലുബ്‌ധകൻ വധിക്കവേ;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/42&oldid=174089" എന്ന താളിൽനിന്ന് ശേഖരിച്ചത്