ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലജ്ജാഭിധാന താൻ: "മാതാവേ! കൈതൊഴാം :-
പശ്ചാത്താപാഹസ്സിൻ പ്രാതസ്സന്ധ്യേ!
അമ്മതൻ പ്രത്യക്ഷദർശനമൊന്നിനാൽ
ജന്മത്തെസ്സാർത്ഥമായ്ത്തീർത്തവൻ ഞാൻ
ത്രസ്തനല്ലെൻ തായാട്ടെത്രമേലമ്മയെ
ക്രുദ്ധയാക്കീടിലും ശർമ്മദാത്രി!
അമ്മതന്നിങ്ഗിതമെന്തെന്നു ചൊൽകയാ-
ണി "മ്മണി" പ്പൈങ്കിളി മൂളിമൂളി.
ഇത്തമിസ്രാഞ്ജനം മൂലമായ് കാണ്മൂ ഞാൻ
തദ്വചഃപേടകതത്വരത്നം.

VI


സത്യം ഹാ! മാതാവേ സത്യമെൻ ജീവിത-
മൗക്തികമാലയിൽ നിന്നു വീണ്ടും -
ചേലാർന്ന മുത്തടർന്നിന്നുമൊന്നന്തിയിൽ
കാലാബ്ധിമദ്ധ്യത്തിൽ വീണുപോയി!
ഭാനുവെൻ ജീവിതപാത്രത്തിൽ നിന്നിന്നും
പാനീയബിന്ദുവൊന്നാവിയാക്കി;
ചുറ്റുമിന്നന്തകൻ തൻ കയറന്മെയ്യിൽ
ചുറ്റുകയായ് പിണഞ്ഞൊന്നുകൂടി.
ഭാവിയെദ്ദൂരെ ഞാൻ കാണവേ,വന്നതു
ഹാ! വർത്തമാനമായ് മുന്നിലെത്തി,
ഭൂതമായ്പ്പായുന്നു പെട്ടെന്നു പിന്നോട്ടേ --
യ്ക്കാതിഥ്യം വൈകിച്ചോനാക്കിയെന്നെ.
കാലത്തിൻ ഹാസത്തിൽ മട്ടിലെന്നാസ്യത്തിൽ
മേളിപ്പൂ വെൺനരയങ്ങുമിങ്ങും;
ആ മൃഗാധീശൻ തൻ വീരപ്പല്ലബ്ജത്തിൽ
ഹേമന്തം വീഴ്ത്തിന മഞ്ഞുത്തുള്ളി!
ചിമ്മിടുമെൻ മിഴി വീണ്ടും തുറന്നിടാ --
മുന്മിഷത്തല്ലെന്നും വന്നുപോകാം!
ബാങ്കിലെന്തുണ്ടിനി ബാക്കിയെന്നാർ കണ്ടു!
ഞാൻ കഷ്ടമത്രമേൽ ദീനദീനൻ?
അർക്കബിംബാഖ്യമാമാരക്തദീപത്തെ --
പ്പൊക്കിയും താഴ്ത്തിയും കാട്ടി നിത്യം
ഹാ! വിധി "ദുർഘടം ദുർഘടം ജീവിത --
ത്തീവണ്ടിപ്പാത"യെന്നല്ലീ ചൊൽവൂ!

VII


എന്തു ഞാനിപ്പകൽ മുപ്പതുനാഴിക
കൊണ്ടെന്നു നേടിയതൊന്നു പാർത്താൽ

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/6&oldid=174095" എന്ന താളിൽനിന്ന് ശേഖരിച്ചത്