ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഹൃദയാനുഗമനം

(ഒരു ഇംഗ്ലീഷ് കവിത-ഷെല്ലി)

മനേ, നിൻകടാക്ഷത്തിൻവെളിച്ചത്തിൽ വിവശമാം
മാമകാത്മാവന്നു സുഖമിരുന്നിരുന്നു ,
ഉച്ചവെയിലേറ്റരുവികൾതേടും പേടമാനിനേപ്പോ-
ലുച്ച,മെന്റെമനം വീർപ്പുമുട്ടി നിനക്കായ്!
കൊടുങ്കാറ്റും കിടയറ്റ കുതിപൂണ്ട കുതിര,നി-
ന്നുടെ രൂപമെന്നിൽനിന്നുമകറ്റി ദൂരെ;
മമ പാദമതിവേഗം ക്ഷീണിതമായ്ത്തീരുകയാൽ
മനം നിന്നോടൊത്തു കൂട്ടായനുഗമിച്ചു!

അതിചണ്ഡപവനനോ, തുരഗമോ, മരണമോ
കുതികൊള്ളുന്നതിനേക്കാളധികവേഗം,
മൃദുലചിന്തകളേകും സൂക്ഷ്മപത്രങ്ങളോടൊത്തു
മദീയമാനസമെത്തും,കപോതം പോലെ.
സമരത്തിൽ, തിമിരത്തി,ലാവശ്യത്തിൽ ഭവതിയെ
മമ സംരക്ഷണത്തിങ്കലണച്ചുകൊൾവാൻ!
അതിൽനിന്നു നിനക്കുണ്ടാമാനന്ദങ്ങൾക്കെല്ലാ,മൊരു
പുതുപുഞ്ചിരിയുമർത്ഥിച്ചിടാ ഞാൻ, നാഥേ!...

----ഫെബ്രുവരി 1932


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/23&oldid=174114" എന്ന താളിൽനിന്ന് ശേഖരിച്ചത്