ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവളുടെ സൗന്ദര്യം

(ഒരു ഇംഗ്ലീഷ് കവിത -- തോമസ് മൂർ)


ശാരദാംബരമെന്തുകൊണ്ടെന്നും
ചാരുനീലിമ ചാർത്തുന്നു ?
ഓമനേ, നിന്റെ തൂമിഴികൾപോൽ
കോമളമായിത്തീരുവാൻ!
ചേണെഴും പനീർപ്പൂക്കളെന്തിനു
ശോണകാന്തിയണിയുന്നു?
നിന്നിളംപൂങ്കവിൾത്തുടുപ്പിനോ -
ടൊന്നു മത്സരിച്ചീടുവാൻ!
മന്നിലെന്തെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!

ഭൂവിൽ വീഴുന്ന മൂടൽമഞ്ഞിത്ര
ധാവള്യമേന്തുന്നെന്തിനായ്?
മാർദ്ദവമുള്ളിലേറെയുള്ള നിൻ
മാർത്തടത്തിനോടൊക്കുവാൻ!
ബാലഭാസ്കരലോലരശ്മികൾ
ചേലിലെന്തിത്ര മിന്നുന്നു?
സ്വർണ്ണക്കമ്പികൾപോലെയുള്ള, നിൻ
ചൂർണ്ണകേശംപോലാകുവാൻ!
മന്നിലെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!

എന്തുകാരണ,മിപ്രകൃതിയാ-
ലന്തരംഗം കുളുർത്തിടാൻ?
ധന്യയാകുമവളിൽ കാണ്മതു
നിന്നെയാണു ഞാൻ, നിർമ്മലേ!
മാനസം ഭ്രമിപ്പിച്ചിടും ശക്തി
ഗാനത്തിലെന്തേ കാണുന്നു?
ബാലേ, നീ തൂകും തേന്മൊഴികൾതൻ
ശ്രീലമാധുരിയുണ്ടതിൽ
-മന്നിലെന്തിലും നിന്നുടെയൊരു
സുന്ദരച്ഛായ കാണ്മു ഞാൻ!...

--ഒക്ടോബർ 1933
"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/5&oldid=174127" എന്ന താളിൽനിന്ന് ശേഖരിച്ചത്