ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്തേജനം



വിണ്മലർത്തോപ്പിലെക്കല്പകപ്പൂമൊട്ടൊ-
ന്നെന്മടിത്തട്ടിലടർന്നു വീണു.
വേണുനാദംപോലെ ഞാനറിയാതതെൻ-
പ്രാണനിലൊട്ടിപ്പിടിച്ചു നിന്നു.
സന്തത്മായതിൻ സംഗമംമൂലമെൻ
സങ്കല്പംപോലും നിറംപിടിച്ചൂ.


അത്യന്തദുഖത്തിൻ കാർമുകിൽ മാലയാ-
ലത്രയ്ക്കിരുണ്ടൊരെന്നന്തരീക്ഷം,
വെള്ളിവെളിച്ചത്തിൽ മുങ്ങി, യച്ചൈതന്യ-
കല്ലോലത്തിന്റെ നവോദയത്തിൽ!


പ്രാണഹർഷപ്രദമായൊരാ വേളയിൽ
ഞാനൊരു സംഗീതമായി മാറി!
എന്മനസ്പന്ദനം താരങ്ങളാഞ്ഞെടു-
ത്തുമ്മവയ്ക്കുംപോലെനിക്കു തോന്നി!
ലോകത്തിലെങ്ങും ഞാൻ കണ്ടീ,ലതൃപ്തിതൻ
കാകോളത്തിന്റെ കണികപോലും!
ഒക്കെസ്സമൃദ്ധിയും, പുഷ്കലശാന്തിയും
സ്വർഗ്ഗപ്രകാശവുമായിരുന്നു!
ജീവിതം തന്നെയെനിക്കൊരു മല്ലിക-
പ്പൂവിൻപരിമളമായിരുന്നു!


തങ്ങളിലൊത്തിനിമേലിലും, ഹാ, നമു-
ക്കിങ്ങനെതന്നെ കഴിഞ്ഞുകൂടാം!
നീണ്ട യുഗങ്ങൾ നിമേഷങ്ങളെന്നപോൽ
നീന്തിക്കടന്നു നമുക്കൊടുവിൽ
എന്നെങ്കിലുമൊരു കാലത്തനാദ്യന്ത-
സൗന്ദര്യസത്തയിൽ ചേർന്നലിയാം!
നിൻ നിഴൽ മാഞ്ഞാലും നിന്നിടുമെന്നിൽ നിൻ
നിർമ്മലാശ്ലേഷത്തിൻ രോമാഞ്ചങ്ങൾ!

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/1&oldid=174147" എന്ന താളിൽനിന്ന് ശേഖരിച്ചത്