നേരം വെളുത്താൽ നിശയാവതോളം
നാലമ്പലക്കെട്ടിൽ നമസ്ക്കരിക്കേ,
കാലക്രമംകൊണ്ടൊരു മാംസപിണ്ഡം
നെറ്റിത്തടം നേടുകമാത്രമുണ്ടായ്.
പ്രസാദ മേന്തുന്ന മദീയവക്ത്രം
പ്രസാദമില്ലാതെ വിവർണ്ണമായി
തീരെക്കഴിഞ്ഞീലയെനിക്കു കഷ്ടം
തീർത്ഥത്തിനാൽ തഞ്ഞഷ്ണയടക്കി നിർത്താൻ!
ദേവാലയഭ്രാന്തർ പുകഴ്ത്തിടുന്ന
സമ്പൂതമാധുര്യമെഴും 'നിവേദ്യം'
എന്മാനസത്തിന്റെ വിശപ്പടക്കാ-
നെള്ളോളവും ശക്തി വഹിച്ചതില്ല.
ഞാനേകിടും ദക്ഷിണ നോക്കി നോക്കി
കൺമങ്ങവേ കൈകളുയർത്തി മോദാൽ
പുരോഹിതൻ തന്ന വരങ്ങളെന്റെ
പുരോഗതിക്കാസ്പദമായതില്ല.
"കല്ലിന്റെ മുമ്പാകെ, കഴുത്തൊടിഞ്ഞു
കൈകൂപ്പിനിന്നങ്ങനെ കേണിരുന്നാൽ
കണ്ടെത്തുമോ, ഹാ, കമനീയമാകും
കല്യാണകന്ദം വിടുവിഡ്ഢിയാം നീ ?"
ഒരിക്കലിമ്മട്ടു കുറച്ചു വാക്യം
നിശ്ശബ്ദമായോതി മദീയചിത്തം
അതേ, മനസ്സാണിരുളിങ്കൽനിന്നും
വിമുക്തമാക്കുന്നതു നമ്മെയെന്നും!
ആനന്ദരത്നം വിളയുന്ന ദിക്കേ-
താണെന്നതെന്നോടു പറഞ്ഞു മന്ദം
എന്നാലതിൻ ചാരെയണഞ്ഞിടാനെൻ-
കാൽച്ചങ്ങലക്കെട്ടഴിയുന്നതില്ല
സ്വാതന്ത്ര്യമെന്നുള്ളൊരനർഘശബ്ദ-
മാനന്ദമാണായതു നേടുവാനായ്
ഇപ്പാരതന്ത്ര്യക്കടൽ നീന്തി നീന്തി-
ച്ചെല്ലേണമങ്ങേക്കരെ നമ്മളെല്ലാം.