സമത്വമെന്നുള്ളതുടഞ്ഞിടാത്ത
ചങ്ങാടമാണായതു തീർത്തെടുക്കിൽ
നമുക്കിതിങ്കൽ തരണംനടത്താൻ
പ്രയാസമുണ്ടാവുകയില്ല പിന്നെ.
'പാവങ്ങൾതൻ പ്രാണമരുത്തു' കൊണ്ടു
പാപിഷ്ഠരാകും പ്രഭുസഞ്ചയങ്ങൾ
പായിച്ചിടും സ്വാർത്ഥസുഖങ്ങളായ
പായ്ക്കപ്പലൊട്ടുക്കു തകർക്ക നമ്മൾ.
വിശപ്പുതട്ടും വയറിൻവിലാപം
വിത്തേശ്വരന്മാർക്കു വിനോദഗാനം
വിയർത്തൊലിക്കും പുലയന്റെ ഗാത്രം
വിപ്രന്നു, ഹാ, തീണ്ടലിയന്ന പാത്രം.
വിശ്വാന്തരിക്ഷം, ഹഹ,മൂർഖരാമീ-
വിത്തേശർ വീശും വിഷവായുമൂലം,
ദുഷിച്ചുപോയ്-നാമതു നീക്കിയില്ലെ-
ന്നാകിൽ സമാധാനലഭ്യമത്രേ!
കല്ലാകുമീശന്നു വസിക്കുവാൻ, നാ-
മിന്നാൾവരേക്കമ്പലമെത്ര തീർത്തൂ
മതത്തിനായി ക്ഷിതയിങ്കലെത്ര
ചൊരിഞ്ഞു നാം നിർമ്മലജീവരക്തം!
നിരർത്ഥകൃത്യങ്ങളൊരിക്കലും നാ-
മിമ്മട്ടു ചെയ്യുന്നതു യുക്തമല്ല;
നിസ്തുല്യരാകും നരർ നമ്മൾ കഷ്ടം
നിർല്ലജ്ജമാ വാനരരാവുകെന്നോ!
മഹാനർഘമാകുന്നൊരാത്മാവു ദൈവം
മനസ്സാണതിൽ ദിവ്യമംഗലക്ഷേത്രം
മതം നമ്മിലെല്ലാം സ്വയം സഞ്ജനിക്കും
ഹിതംതന്നെ; സ്വാതന്ത്ര്യമൊന്നുതാൻ മോക്ഷം!