ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംബാലിക

ലിയൊരു കൊട്ടാരത്തിൽ വടക്കിനിക്കകം, പുഷ്പാ-
വലിചൂഴും നടുമുറ്റവളപ്പരികിൽ,
കരുങ്കൂവളാക്ഷിയൊരു കനകവല്ലികയതാ
കരിങ്കൽത്തൂണിന്മേൽച്ചാരിക്കരഞ്ഞിരിപ്പു!
നീലനിറനീരദങ്ങൾ നീളെ നിരന്നപോൽ പരി-
ലോലകുന്തളമഴിഞ്ഞു നിലത്തടിഞ്ഞും,
ഉടുപുടവയാകവേ കടുതരകദനത്താൽ
ചുടുകണ്ണീർക്കണങ്ങളാൽ നനച്ചുകൊണ്ടും,
സതി വാമകരത്തിനാൽ മദദ്യുതിവഴിയുമാ
മതിമോഹനാനനാബ്ജം വഹിച്ചുകൊണ്ടും,
അടക്കിടാനസാദ്ധ്യമാമഴലിനാലടിക്കടി
നെടുവീർപ്പുവിട്ടുകൊണ്ടു,മിരിക്കയത്രേ.

പരിണയം കഴിഞ്ഞിട്ടു പതിയെങ്ങോ പോകമൂലം
പരിതപ്തയായ്ത്തീർന്നോരാത്തയ്യലാൾക്കുള്ളിൽ
പല പല വിചാരങ്ങളലതല്ലി മറിയുമ്പോൾ
പരഭൃതമൊഴിയയ്യോ നടുങ്ങിപ്പോയി.
ഒരുമാസം മുഴുവനും കഴിഞ്ഞീലസ്സുകുമാരി
വരനൊത്തു നിവസിച്ചി,ട്ടതിനുമുന്നിൽ
പരിണീതയവൾ കഷ്ടം, പരിതാപപരീതയായ്
വിരഹത്തിന്നെരിതീയിൽ പൊരികയല്ലോ!
പ്രിയതമവിയോഗത്താലൊരുപോതും സഹിയാതെ
കയൽക്കണ്ണാൾ കരച്ചിലാൽ കഴിപ്പൂ കാലം.

'മാണിക്യമംഗല'മെന്നു പുകൾപെറും മനയ്ക്കലെ-
യാണിത്തയ്യ,ലന്ത:പുരസുന്ദരതാരം,
കുടുംബത്തിൽ രത്നദീപമായ് വിളങ്ങുമിത്തരുണി-
യൊടുവിലവശേഷിച്ചോരേകസന്താനം,
നിതാന്തസംതൃപ്തനായി നിവസിക്കും വൃദ്ധവന്ദ്യ-
പിതാവിന്റെ ലാളനകൾക്കേകഭാജനം.

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/27&oldid=174166" എന്ന താളിൽനിന്ന് ശേഖരിച്ചത്