ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊർമ്മിള

"അംഗീകരിക്കുകിപ്പുഷ്പാഞ്ജലികളെ
നിങ്ങളെല്ലാരും വനദേവതകളേ!
കാനനവീഥിയിൽ നിങ്ങളെൻകാന്തനെ-
ക്കാണുമ്പൊഴെല്ലാമനുഗ്രഹിക്കേണമേ!"

വാരുണദിക്കിൽ പനീരലർത്താലവും
ചാരുകരങ്ങളിലേന്തിനിന്നങ്ങനെ
ഭക്ത്യാദരപൂർവമഞ്ജലിചെയ്കയാ
ണപ്പൊഴാ ഗ്രീഷ്മാന്തസായാഹ്നസന്ധ്യയും...
ഏതോ വിരഹിണിതൻ നെടുവീർപ്പുപോൽ
പാദപച്ചാർത്തിലലയുന്നു മാരുതൻ.
കുന്നിന്റെ പിന്നിൽക്കിളരുന്നു പഞ്ചമി-
ച്ചന്ദ്രനൊരോമൽക്കിനാവെന്നമാതിരി!
കോസലരാജസൗധാരാമഭൂവിലെ-
ക്കോമളശ്രീലസരസിജവാപിയിൽ
നീരാടിയീറനുടുത്തു നിതംബത്തിൽ
നീലമുകിൽക്കൂന്തൽ വീണുലഞ്ഞങ്ങനെ
തങ്കക്കൊടിവിളക്കൊന്നൊരുകൈയിലും
പങ്കജപ്പൂന്താലമന്യകരത്തിലും
ഏന്തി,ക്കുലദൈവതക്ഷേത്രഭൂമിയിൽ
താന്തയായ് നിന്നു ഭജിക്കയാണൂർമ്മിള

"അംഗീകരിക്കുകിപ്പുഷ്പാഞ്ജലികളെ
നിങ്ങളെല്ലാരും വനദേവതകളേ!
കാനനരംഗത്തിൽ നിങ്ങളെൻകാന്തനെ-
ക്കാണുമ്പൊഴെല്ലാമനുഗ്രഹിക്കേണമേ!
ആ രഘുനന്ദനഭക്തസഹജനെ
കാരുണ്യപൂർവകം കാത്തുകൊള്ളേണമേ!
ഒത്തില്ലെനിക്കാ പദാബ്ജങ്ങളെൻ മടി-
ത്തട്ടിലെടുത്തുവെച്ചോമനിച്ചീടുവാൻ.
(അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/29&oldid=174168" എന്ന താളിൽനിന്ന് ശേഖരിച്ചത്