ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദേവയാനി


നീലമലകളേ, നിങ്ങളോർമ്മിക്കുമോ
നീറുന്നൊരീ മന്മനസ്സിന്റെ ഗദ്ഗദം
പൂവിട്ടുനില്ക്കും മരങ്ങളേ , നിങ്ങളും
ഭാവിയിലോർമ്മിക്കുകില്ലീ നിഴലിനെ.
ഇല്ല മൽസ്വന്തമായൊന്നും-കനിവെഴാ-
തെല്ലാം മറഞ്ഞു-കഴിഞ്ഞൂ സമസ്തവും.
പല്ലിളിക്കുന്നോ നിരാശതേ , നിർദ്ദയം
കൊല്ലാതെ കൊല്ലാനൊരുങ്ങിനിന്നെന്നെ നീ ?

അന്തരംഗത്തിലെന്നാശയ്ക്കു മേല്ക്കുമേൽ
ചെന്തളിർ ചൂടാനിടകൊടുത്തങ്ങനെ
പൊന്നിൽക്കുളിച്ചു കുണുങ്ങിച്ചിരിച്ചെന്റെ
മുന്നിലണഞ്ഞ സുദിനശതങ്ങളേ !
നിങ്ങളു, മയ്യോ, തടിൽക്കൊടിച്ചാർത്തുപോ-
ലെങ്ങോ മറഞ്ഞു-നിരാധാരയായി ഞാൻ !
ഫുല്ലപുഷ്പത്തെപ്പുഴുക്കൾപോൽ , കാരുന്നി-
തല്ലലോരോന്നുയർന്നെൻ കരൾക്കാമ്പിനെ.
സ്വപ്നം !-മടങ്ങുന്നു സംതൃപ്തചിത്തനായ്
സ്വർഗ്ഗത്തിലേക്കിന്നു മജ്ജീവനായകൻ !
ഓർക്കുന്നതുംകൂടിയില്ലപ്പുമാനെന്റെ
പേക്കൂത്തിലൊന്നും-പരാജിതതന്നെ ഞാൻ!
ചിന്തിച്ചിരിക്കാതെ ദുർവ്വിധേ , നിർദ്ദയ-
മെന്തിനു കൂട്ടിമുട്ടിച്ചു നീ ഞങ്ങളേ?
അല്ലെങ്കിലെന്തിന്നു , തെറ്റിയെനിക്കു, ഞാ-
നില്ലിനിക്കുറ്റപ്പെടുത്തുകില്ലാരെയും !
പറ്റിയബദ്ധമറിയാതെനി, ക്കിതിൽ
തെറ്റെന്നിലാ, ണിതാ മാപ്പു ചോദിപ്പു ഞാൻ.
എങ്കിലു, മയ്യോ, കെടുന്നില്ലശേഷമെൻ
സങ്കടം-എത്ര ഞാൻ കണ്ണീർപൊഴിക്കിലും !

(അപൂർണ്ണം)



3.

ചന്ദനശീതളസുന്തരചന്ദ്രിക ചിന്നിയ ശിശിരനിശീഥം
ചഞ്ചലരജതവലാഹകചുംബിതബിംബിതതാരകയൂഥം

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/3&oldid=174169" എന്ന താളിൽനിന്ന് ശേഖരിച്ചത്