35.
മരണം!- മരണമോ? - മരണം പോലും! - കഷ്ടം!
മനമേ, മതിയാക്കൂ നിന്റെ ജല്പനമെല്ലാം!
ജീവിതം വെറും സ്വപ്നമാണെങ്കിലായിക്കോട്ടേ
ഭൂവിലസ്വപ്നംകാണലാണെന്നാലെനിക്കിഷ്ടം.
മരണം തരുന്നൊരപ്പുഞ്ചിരിക്കായിട്ടു ഞാൻ
വെറുതേകളയില്ലീജ്ജീവിതബാഷ്പം തെല്ലും.
ദുഃഖമാർഗ്ഗത്തിൽക്കൂടിത്തന്നെ പോയാലേ, ചെല്ലൂ
ദുഃഖമൊരല്പംപോലും തീണ്ടാത്ത സാമ്രാജ്യത്തിൽ!
36.
നിർവൃതിതൻ നികുഞ്ജകങ്ങളിൽ
നിന്നെ നോക്കി നടന്നു ഞാൻ!
ഒന്നുരണ്ട,ല്ലൊരായിരം ജന്മം
നിന്നെക്കാണാതുഴന്നു ഞാൻ.
കല
(ഒരു ഗീതകം)
കലയെന്താണെന്നല്ലേ ? ജീവിതത്തിനേക്കാളും
വിലപെട്ടീടുമൊരു 'ശക്തി'യാണതു തോഴീ!
സ്വർഗ്ഗചൈതന്യം വീശും ഭാവന, കാട്ടും ദിവ്യ-
സ്വപ്നമാ,ണതിന്മീതെയില്ല മറ്റൊന്നുന്തന്നെ!
ഹൃദയങ്ങളെത്തമ്മിൽക്കൂട്ടിമുട്ടിച്ചാ ദിവ്യ-
പ്രണയത്തെളിമിന്നൽ, മിന്നിക്കാനതുപോലെ,
ശക്തിയുള്ളതായില്ല മറ്റൊന്നും ഭുവനത്തി-
ലത്രമേലനവദ്യമാണതിൻ സ്വാധീനത്വം.
ഒന്നിനും സാധിക്കാത്ത പലതും 'കല' ചെന്നു-
നിന്നൊരു മന്ദസ്മിതംകൊണ്ടു നിർവിഘ്നം നേടും!
ഒരുകാലത്തും വറ്റിപ്പോകുവതില്ലതിൻ പൊയ്ക-
യൊരുകാലത്തും മാർഗ്ഗം തെറ്റുകില്ലതിൻ നൗക!
കലയെ-നിർവ്വാണപ്പൂങ്കുലയെ-സൗന്ദര്യപ്പൊ-
ന്നലയെ-പ്പുല്കിപ്പുല്കി മന്മനം തളർന്നാവൂ!