ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സാവിത്രി

മംഗളാത്മികേ ദേവീ, ഗർവ്വിഷ്ഠയാകുംകാലം
തുംഗഭക്ത്യാ നിന്മുന്നിൽ കൂപ്പുകൈയുമായ് നില്പൂ.
ചഞ്ചലശതാബ്ദങ്ങൾതൻ കുളിർപ്പൂച്ചെണ്ടുകൾ
സഞ്ചിയിച്ചീലെത്ര ലോകം മുഴുവൻ വിറപ്പിച്ചു
നിർജ്ജിതനായ് നിന്നോരാ മൃത്യുസിംഹത്തെപ്പോലും
കേവലമൊരു നോക്കാൽ മാൻകിടാവാക്കിത്തീർത്ത
താവകപ്രഭാവമാം ശുക്രനക്ഷത്രംപോലെ
ഇന്നോളമുദിച്ചിട്ടില്ലന്യശകതിതൻ താര-
മൊന്നുമേ പുരാണത്തിൻ വിസ്തൃതവിഹായസ്സിൽ...
ഉണ്ടരുന്ധതി നിന്റെ തോഴിയായൊരു മുല്ല-
ച്ചെണ്ടു, നീ മഹാനർഘമോഹനസിതാബ്ജവും!
ജനചിത്തത്തിൽ ചിന്താമേഘങ്ങളുയർന്നുയർ-
ന്നണിയിട്ടണയുന്നൂ നിൻപാദമാശ്ലേഷിക്കാൻ!
മർത്ത്യസാധ്യതയുള്ളോരതിരിൻ വക്കത്തു ചെ-
ന്നെത്തിനോക്കുകമാത്രമല്ല നീ ചെയ്തൂ ധന്യേ!...
പിന്നെയോ? പുരാതനഭാരതീയാദർശത്തിൻ
മിന്നൽ നിന്നഭിധാനം വാടാത്ത വിളക്കാക്കി!

നീ മരിച്ചോരെപ്പോലും തൽക്കാലം ജീവിപ്പിക്കെ
നീ മരിക്കാത്തോളായി, നിത്യത നിന്റേതായി!
സ്തുതികീർത്തനമൊന്നും വേണ്ട നിൻനാമത്തിൻ പൊൻ-
കതിർ പൊങ്ങുവാൻ, ലോകമായതിൽ മുങ്ങീടുവാൻ!
വനിതാദർശത്തിന്റെ നിത്യമംഗളാപ്തമാ-
മനഘോജ്ജ്വലഹേമചിഹ്നമേ, നമസ്കാരം!

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/35&oldid=174175" എന്ന താളിൽനിന്ന് ശേഖരിച്ചത്