ആ മിഴി തോരില്ലെന്നോ? - നീ മുഖം കുനിച്ചു നി-
ന്നോമനേ, തേങ്ങിത്തേങ്ങിയിങ്ങനെ കരഞ്ഞാലോ ?
അറിയുന്നില്ലേ നീയെൻ ഹൃദയം ദ്രവിക്കുന്ന-
തരുതിന്നെനിക്കിതു കണ്ടുകൊണ്ടയ്യോ നില്ക്കാൻ.
എന്തു വന്നാലും കഴിഞ്ഞീടുമോ സഹിച്ചിടാ-
തെന്തു ചെയ്യട്ടേ, മർത്ത്യരായി നാം ജനിച്ചില്ലേ ?
ഇണ്ടലാർന്നിടായ്കേവം ജീവിതമാർഗ്ഗത്തിൽ, പൂ-
ച്ചെണ്ടണിക്കാവും കാണും, കണ്ടകക്കാടും കാണും !
ഉണ്ടാകും വല്ലപ്പോഴും മഴവില്ലുകളെങ്കിൽ
കൊണ്ടലാലലം നീലവിണ്ടലമിരുണ്ടോട്ടെ !
പ്രേമവിഹ്വലേ, നിന്റെ ഹൃദയം, സദാ ചിന്താ-
ഹോമകുണ്ഡത്തിൽ, കഷ്ട,മിങ്ങനെ ഹോമിക്കൊല്ലേ !
ഇന്നിപ്പോളിഷ്ടംപോലെ വേതാളനൃത്തംചെയ്തു
നിന്നുകൊള്ളട്ടേ കാലവർഷം, നീ കുലുങ്ങൊല്ലേ.
മിന്നലും കൊടുങ്കാറ്റുമിരുളും കാറും കോളു-
മൊന്നുചേർന്നിടിവെട്ടിപ്പേമാരി വർഷിച്ചോട്ടെ !
എത്ര നാളത്തേക്കുണ്ടിബ്ഭൂകമ്പം?-ചിരിച്ചുകൊ-
ണ്ടെത്തുവാൻ പൊന്നിൻചിങ്ങ, മിനിയും വൈകില്ലല്ലോ !
പൊന്നൊലിച്ചലതല്ലുമിളവെയിലിനാൽ, മൂടൽ-
മഞ്ഞിന്മേൽ മനോജ്ഞമാം കുഞ്ഞലുക്കുകൾ ചാർത്തി ,
ഓരോരോ മരതകത്തോപ്പിലും നവപുഷ്പ-
തോരണം തളിർച്ചില്ലച്ചാർത്തുകൾതോറും തൂക്കി ,
മരളും വണ്ടിണ്ടതൻ മൂളിപ്പാട്ടുകൾ പാടി
മുരളീരവം നീളെക്കോകിലങ്ങളാൽ തൂകി,
ഇളകിപ്പാറും ചിത്രശലഭങ്ങളാൽ, ഹർഷ-
പുളകാങ്കുരങ്ങൾ പൂങ്കാവുകൾതോറും പാകി
അനുഭൂതികളാകുമനുയായികളോടൊ-
ത്തണയും വർഷം പോയാ,ലപ്പൊഴേക്കോണക്കാലം !
ഓമലേ, വിഷാദിക്കായ്കിക്കൊടുങ്കാറ്റും കുളിർ-
ത്തൂമണിത്തെന്നലായി മാറിടും ഞൊടിക്കുള്ളിൽ !