താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/1

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
രാമായണം
(കുറത്തിപ്പാട്ട്)


[വാല്മീകി സാഹിത്യലോകത്തിനു ചെയ്ത ഉപകാരം കുറച്ചൊന്നുമല്ല. ചെറുതും വലുതുമായി എണ്ണമറ്റ കൃതികൾക്കു് ഉറവിടമായിത്തീർന്നിട്ടുണ്ടു് അദ്ദേഹത്തിന്റെ ആദികാവ്യം. രാമായണം കുറത്തിപ്പാട്ടും അക്കൂട്ടത്തിൽപ്പെടുന്നു. ശ്രീരാമചരിതം വളരെ സംക്ഷേപിച്ചു വിവരിച്ചിരിക്കയാണു് ഇക്കൃതിയിൽ: ഒരു കുറവനും കുറത്തിയും അയോദ്ധ്യയിലെത്തുന്നു. ദശരഥപത്നിമാർ കൈനീട്ടി തങ്ങൾക്കു മക്കളുണ്ടായിട്ടില്ലെന്നും തങ്ങൾക്കു പുത്രഭാഗ്യം ഉണ്ടോ എന്നു കൈനോക്കിപ്പറയണമെന്നും കുറത്തിയോടാവശ്യപ്പെടുന്നു. കുറത്തിയാകട്ടെ, കൈകൾ സൂക്ഷിച്ചുനോക്കി,


നിങ്ങളുടെ കൈക്കു നല്ല യോഗമുണ്ടു ചൊൽവാൻ
മൂന്നുമാതാക്കൾക്കും കൂടി നാലുപുത്രരുണ്ടാം
നാൽവരിലും മൂത്തവനു രാമനെന്നുപേരാം

എന്നിങ്ങനെ ഫലം പറഞ്ഞുതുടങ്ങുന്നു. കുറത്തിയുടെ വാക്കിൽ രാമായണകഥ മുഴുവൻ അടങ്ങുന്നുണ്ടു്. ഇതാണു ഗ്രന്ഥസ്വരൂപം.]


ശ്രീഭുവനം നാടുതോറും നാടുനല്ലദേശം
ഇബ്ഭുവനംതന്നിലേ പ്രസിദ്ധിയുള്ള നാടു്

കന്നിമുന്നംനാട്ടിലേ പിറന്തൊരുകുറത്തി
വിഷ്ണുവിങ്കൽ ഭക്തിയോടെ വിശ്വസിച്ചൊരുത്തൻ

ഭക്തനായ നല്ക്കുറവൻ വേട്ടുകൊണ്ടവളെ
ഇഷ്ടമോടെ പട്ടണത്തിൽ വാഴുന്നൊരുകാലം